പട്ടികജാതി-വര്‍ഗക്കാര്‍ക്കുള്ള വായ്പകള്‍: കഴിഞ്ഞ വര്‍ഷം നല്‍കിയത് 2.22 കോടി

മലപ്പുറം: സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ കോര്‍പ്പറേഷന്‍ വിവിധ വായ്പാ പദ്ധതികളിലായി 2.22 കോടി രൂപ വിതരണം ചെയ്തു. 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ 304 ഗുണഭോക്താക്കള്‍ക്കാണ് വിവിധ പദ്ധതികളുടെ ആനുകൂല്യം ലഭിച്ചത്. ഇതില്‍ 300 പേര്‍ പട്ടിക ജാതിക്കാരും നാല് പേര്‍ പട്ടിക വര്‍ഗക്കാരുമാണ്.
ചെറിയ-ഇടത്തരം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ബെനിഫിഷറി ഓറിയന്റഡ് പദ്ധതി പ്രകാരവും വെല്‍ഡര്‍, ഇലക്ട്രീഷന്‍, ലബോറട്ടറി ടെക്‌നീഷന്‍, ഡോക്ടര്‍, എഞ്ചിനീയര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഫാര്‍മസിസ്റ്റ് തുടങ്ങിയവര്‍ക്ക് സ്വന്തമായി പ്രാക്റ്റീസ് ചെയ്യുന്നതിന് ധനസഹായം നല്‍കുന്ന പ്രൊഫഷനല്‍ സര്‍വീസ് പദ്ധതിപ്രകാരവും ഓട്ടോറിക്ഷാ ഡ്രൈവിങ് ലൈസന്‍സും ബാഡ്ജുമുള്ള പട്ടിക ജാതിയിലെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ഉപാധിയായി ഓട്ടോറിക്ഷാ വായ്പ നല്‍കുന്ന പദ്ധതി പ്രകാരവും പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് വായ്പ അനുവദിച്ചിരുന്നു.
പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്ക് പെണ്‍മക്കളുടെ വിവാഹം നടത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനും അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങുന്നതിനും വായ്പ നല്‍കിയിരുന്നു.
പട്ടികജാതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിവാഹം, രോഗചികിത്സ, ഗൃഹപ്രവേശം തുടങ്ങിയ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി വ്യക്തിഗത വായ്പയും മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിനും വായ്പ അനുവദിച്ചു. കോര്‍പ്പറേഷന്‍ നേരിട്ട് നടപ്പാക്കുന്ന ഈ പദ്ധതികള്‍ക്കായി 1.98 കോടിയാണ് വായ്പ നല്‍കിയത്. ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള ലഘു സംരംഭങ്ങള്‍ തുടങ്ങാന്‍ മൈക്രോ ക്രെഡിറ്റ് ഫൈനാന്‍സ് പദ്ധതി, തൊഴില്‍പരമായ വൈദഗ്ധ്യത്തിനനുസരിച്ചുള്ള സംരംഭങ്ങള്‍ തുടങ്ങാനുള്ള മിനി വെഞ്ച്വര്‍ പദ്ധതി, സ്ത്രീകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള മഹിളാ സമൃദ്ധി യോജന എന്നിവ പ്രകാരം 21.95 ലക്ഷവുമാണ് അനുവദിച്ചത്.
ദേശിയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ പട്ടികവര്‍ഗ സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക ഉന്നമനം ലക്ഷ്യമാക്കിയുള്ള ആദിവാസി മഹിളാ സശാക്തീകരന്‍ യോജന പ്രകാരവും പട്ടികവര്‍ഗ സംരംഭകര്‍ക്കുള്ള സ്വയം തൊഴില്‍ സംരംഭക വായ്പാ പദ്ധതിക്കുമായി 1.75 ലക്ഷവും അനുവദിച്ചിരുന്നു.
കൂടാതെ കോര്‍പ്പറേഷനുകളുടെ സഹായത്തോടെ വിദേശ തൊഴില്‍ വായ്പ, വിദേശ വിദ്യാഭ്യാസ വായ്പ എന്നിവയും ദേശീയ കോര്‍പ്പറേഷനുകളുടെ സഹായത്തോടെ ത്രീ വീലര്‍ പിക്ക് അപ് വാന്‍ പദ്ധതിയും കൃഷി ഭൂമി വായ്പാ പദ്ധതിയും നടപ്പാക്കുന്നുണ്ട്. വായ്പ സംബന്ധിച്ച വിവരങ്ങള്‍ക്ക് മലപ്പുറം കുന്നുമ്മല്‍ ജൂബിലി റോഡിലെ യു.എം.കെ.എസ്. ടവറില്‍ പ്രവര്‍ത്തിക്കുന്ന മേഖലാ ഓഫീസില്‍ അറിയാം. ഫോണ്‍ : 0483-2731496.

Keywords:Case, Malappuram, Loan,കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم