മെഡിക്കല്‍ കോളെജ് അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും: മന്ത്രി

മലപ്പുറം: മഞ്ചേരിയിലെ മെഡിക്കല്‍ കോളെജ് അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് അരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളെജാക്കി മാറ്റുന്നതിന് ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ആശുപത്രി സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദിഷ്ട മെഡിക്കല്‍ കോളെജ് റഫറല്‍ ആശുപത്രിയാക്കില്ലെന്നും ജനതാ ഫാര്‍മസി അടുത്ത ആഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

പുതിയതായി അനുവദിച്ച നാല് മെഡിക്കല്‍ കോളെജുകളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യമുള്ളത് മഞ്ചേരിയിലാണ്. ഓള്‍ ഇന്ത്യാ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകരാവും എസന്‍ഷാലിറ്റി സര്‍ട്ടിഫിക്കറ്റും ഈ വര്‍ഷം തന്നെ ലഭ്യമാക്കും. മെഡിക്കല്‍ കോളെജ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പി.ജി.ഡോക്ടര്‍മാര്‍ക്ക് ആശുപത്രിയില്‍ തുടരാന്‍ അനുമതിയും മറ്റുള്ളവര്‍ക്ക് ഓപ്ഷന്‍ നല്‍കി മാറാനുള്ള അവസരവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. 500 കിടക്കകളും 12 ഓപറേഷന്‍ തിയേറ്ററുകളും അത്യധുനിക സൗകര്യങ്ങളോടടെയുള്ള ഗൈനക്കോളജി വിഭാഗവും ഉള്‍പ്പെടുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയുടെ സൗകര്യമാണ് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളെജിനുണ്ടാവുക.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളെജുകള്‍ വരെ മരുന്നുകള്‍ ലഭ്യമാക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് ഡോക്റ്റര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ആറ് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും. പാവപ്പെട്ടവര്‍ക്ക് ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സേവനം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന് സാമ്പത്തികമായ തടസ്സമുണ്ടാവില്ല.
അഡ്വ. ഉമ്മര്‍ എം.എല്‍.എ., ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.പാര്‍വതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ വി. സുധാകരന്‍, സലിം കുരുവമ്പലം തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post