മലപ്പുറം: പരിശുദ്ധ റമസാന് ഇനി ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പുണ്യനാളുകളെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുക്കം തുടങ്ങി. റമസാന് വേണ്ടിയുള്ള ഈ ഒരുക്കങ്ങള്‍ നനച്ചുകുളി എന്നപേരിലാണ് അറിയപ്പെടുന്നത്.
പള്ളികള്‍ പെയിന്റടിച്ചും പുതിയ കാര്‍പെറ്റുകളും പായകളും വിരിച്ചും മോടികൂട്ടി ആകര്‍ഷകമാക്കുന്ന തിരക്കിലാണ് ഇനി കമ്മിറ്റി ഭാരവാഹികള്‍. പള്ളികളില്‍ ചിലയിടത്ത് റമസാന്‍ സ്‌പെഷ്യല്‍ ഇമാമിനെ നിയമിക്കുന്ന പതിവും ഉണ്ട്. പലരും ഇതും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കൂടാതെ പള്ളികള്‍ കഴുകി വൃത്തിയാക്കുന്ന ചടങ്ങില്‍ യുവാക്കള്‍ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുക. വീടുകള്‍ വൃത്തിയാക്കിയും വീട്ടുപകരണങ്ങള്‍ ശുദ്ധീകരിച്ചും ഇനി മുതല്‍ സ്ത്രീകള്‍ക്കും തിരക്കേറിയ ദിവസങ്ങളാണ്.
വീടുകളിലെ ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, കര്‍ട്ടനുകള്‍ തുടങ്ങിയ സാധനങ്ങള്‍ തേച്ചുകഴുകുന്നത് ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കാറുണ്ട്. പലചരക്ക് സാധനങ്ങള്‍ ആവശ്യമായവ ശേഖരിക്കുക, കറിമസാലകളും മറ്റ് ധാന്യങ്ങളും പൊടിച്ച് സൂക്ഷിച്ചുവെക്കുക, വിറകുകള്‍ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഈ ദിനങ്ങളില്‍ വീട്ടമ്മമാര്‍ വളരെ ശ്രദ്ധകാണിക്കാറുണ്ട്.
Post a Comment