സൗജന്യ യൂനിഫോം നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം

മലപ്പുറം: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന സൗജന്യ യൂനിഫോം കേരളത്തില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ലഭിക്കാനിടയുള്ളൂ.

ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ യൂണിഫോം നല്‍കേണ്ടതുള്ളൂ എന്ന കേന്ദ്രഗവണ്‍മെന്റ് തീരുമാനമാണ് കേരളത്തിന് തിരിച്ചടിയായത്. ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് എന്നീ മൂന്നു തരം വിദ്യാലയങ്ങളാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുള്ളത്. ഇതില്‍ 67 ശതമാനം വിദ്യാര്‍ഥികളും പഠിക്കുന്നത് എയിഡഡ്/അണ്‍ എയ്ഡഡ് മേഖലകളിലാണ്. അഥവാ കേന്ദ്ര നിയമ പ്രകാരം 33 ശതമാനം വരുന്ന ഗവണ്‍മെന്റ് സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍, എസ് സി/എസ് ടി കുട്ടികള്‍ ദാരിദ്ര്യരേഖക്കു താഴെയുള്ള ആണ്‍ കുട്ടികള്‍ എന്നിവര്‍ക്കു മാത്രമേ സൗജന്യ യൂണിഫോം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഇത് മൊത്തം വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ 25 ശതമാനം മാത്രമേ വരൂ.
വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പരിശോധനക്കെത്തിയ മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉദ്യാഗസ്ഥര്‍ കേരളത്തിലെ എയ്ഡഡ് സംവിധാനത്തെക്കുറിച്ച് അതിശയം പ്രകടിപ്പിക്കുകയാണ് ചെയ്തത്. കേരളത്തിലെ ഇത്തരം വിദ്യാലയങ്ങള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയോ പ്രൈവറ്റ് അണ്‍ എയ്ഡഡ് മേഖലയിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. എയ്ഡഡ് സ്‌കൂളിലെ കുട്ടികള്‍ക്കും യൂണിഫോം ലഭ്യമാക്കും എന്ന് ഇടക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഈ നിലപാടു കാരണമാണ് ഇത് നടക്കാതെ പോയത്.
അധ്യയന വര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഒരു സ്‌കൂളിലും ഇതു വരെ യൂണിഫോം വിതരണം നടന്നിട്ടില്ല. 

ബി പി എല്‍ കുട്ടികളെ കണ്ടെത്തി കണക്ക് സമര്‍പ്പിച്ച് പ്രധാനാധ്യാപകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോം വാങ്ങാന്‍ 400 രൂപ തോതില്‍ ബി ആര്‍ സി കളില്‍ പണം എത്തിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങളിലെ കാലതാമസമാണ് യൂണിഫോം വൈകുന്നത്. സര്‍ക്കാര്‍ നേരത്ത പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം ജൂലൈ ഒന്നിന് സര്‍ക്കാര്‍ നല്‍കിയ യൂണിഫോം ധരിച്ച് വേണം കുട്ടികള്‍ സ്‌കൂളിലെത്താന്‍. എന്നാല്‍ ഓഗസ്റ്റ് ഒന്നിന് പോലും ഈ യൂനിഫോം ധരിച്ച് കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന്് അധ്യാപകര്‍ പറയുന്നു.
യൂണിഫോം എങ്ങനെ വാങ്ങി നല്‍കണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. എസ് എസ് എ യുടെ പര്‍ച്ചേസ് മാന്വല്‍ അനുസരിച്ച് ഹെഡ്മാസ്റ്ററും പി ടി എ പ്രസിഡന്റും രണ്ട് ജോഡി യൂണിഫോം വാങ്ങി നല്‍കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. അധ്യയന വര്‍ഷം ആരംഭിച്ചു കഴിഞ്ഞ സ്ഥിതിക്ക് യൂണിഫോം വാങ്ങിയ കുട്ടികള്‍ ബില്ല് ഹാജരാക്കിയാല്‍ പണം നല്‍കാമെന്ന നിര്‍ദേശം പിന്നീട് പുറപ്പെടുവിച്ചെങ്കിലും യൂനിഫോം തന്നെ വാങ്ങി നല്‍കണമെന്നും കേന്ദ്ര ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് യൂണിഫോം വാങ്ങേണ്ടതെന്നുമാണ് പുതിയ നിര്‍ദേശം. ആശയക്കുഴപ്പം തീര്‍ന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ചെക്ക് കൈപ്പറ്റി യൂണിഫോം വാങ്ങി നല്‍കുമ്പോഴേക്കും അധ്യയന വര്‍ഷം മൂന്നിലൊന്ന് പിന്നിടും.

English Summery
Free uniform: One forth to students 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post