മലപ്പുറം: എസ്.എസ്.എല്‍.സി ബുക്കിലെ തെറ്റ് തിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഭവന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി കോട്ടപ്പടി ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ അദാലത്തില്‍ 6200 ലധികം അപേക്ഷകള്‍ ലഭിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെയും സംഘാടകരുടെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചാണ് ഇത്രയും അപേക്ഷകരെത്തിയത്. വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി ബുക്കിലെ ചെറിയ തെറ്റുകള്‍ കാരണം വലഞ്ഞിരുന്ന വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആശ്വാസമായിരുന്നു പരീക്ഷാ ഭവന്റെ അദാലത്ത്.
സാധാരണ ഗതിയില്‍ പരീക്ഷാ ഭവനില്‍ പോയി തിരുത്തേണ്ടിയിരുന്ന തെറ്റുകള്‍ ലളിതമായ നടപടി ക്രമങ്ങളിലൂടെ തിരുത്താനവസരം ലഭിച്ചത് ജില്ലയിലുള്ളവര്‍ പ്രയോജനപ്പെടുത്തി. അപേക്ഷ നല്‍കാനാകാത്തവര്‍ക്ക് ഒരു അദാലത്ത്കൂടി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
തെറ്റ് തിരുത്തി സര്‍ട്ടിഫിക്കറ്റുകള്‍ ഒരുമാസത്തിനകം അതത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അയച്ച് കൊടുക്കും. സ്‌കൂളില്‍ നിന്ന് അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാം.
സ്‌കൂള്‍ രേഖകളിലെ തെറ്റ് തിരുത്തുന്നതിനുള്ള അധികാരം പ്രധാനധ്യാപകര്‍ക്ക് നല്‍കിയത് ഭാവിയില്‍ തെറ്റ് വരാതിരിക്കാന്‍ സഹായിക്കും. അടുത്ത മാസങ്ങളിലായി കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തുടര്‍ന്ന് മറ്റെല്ലാ ജില്ലകളിലും അദാലത്ത് നടത്തും.
Post a Comment