തീരദേശത്തെ പ്രശ്‌നങ്ങളിലൂന്നി ജില്ലാ വികസന സമിതി

മലപ്പുറം: തീരദേശങ്ങളിലെ അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യമാണ് ജില്ലാ കലക്റ്റര്‍ എം.സി.  മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയില്‍ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങളും ഉന്നയിച്ചത്.

താനൂരിലെ പാവപ്പെട്ടവരായ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് പ്ലസ്റ്റു കഴിഞ്ഞാല്‍ പഠനം തുടരാന്‍ കഴിയാതിരുക്കുന്നതിന് പരിഹാരമായി താനൂരില്‍ ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ് ആരംഭിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. യാണ് അവതരിപ്പിച്ചത്. 

സമീപ പ്രദേശങ്ങളിലെ 15 ഓളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 2000 ത്തോളം വിദ്യാര്‍ഥികള്‍ പ്ലസ്റ്റു പാസായിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. പ്രദേശത്ത് കോളെജില്ലാത്തതിനാല്‍ ഇവര്‍ പാതി വഴിയില്‍ പഠനം ഉപേക്ഷിക്കുകയാണ്. ഇതിന് പരിഹാരം കണ്ടെത്താനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന മള്‍ട്ടി സെക്ടറല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (എംഎസ്ഡിപി) പദ്ധതിയില്‍ ജില്ലയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് യോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ പ്രതിനിധി സലിം കരുവമ്പലമാണ് ഇത് സംബന്ധിച്ച പ്രമേയം ആവതരിപ്പിച്ചത്.ന്യൂനപക്ഷ സമൂഹം തിങ്ങിത്താമസിക്കുന്നതും പിന്നാക്കവസ്ഥകളും പരിഗണിച്ച് പദ്ധതി നടപ്പാക്കുന്നതിന് രാജ്യത്തെ 90 ജില്ലകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

എന്നാല്‍ കേരളത്തില്‍ നിന്നും വയനാട് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളെയും ന്യൂനപക്ഷ ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല മാനദണ്ഡങ്ങളുടെയും പേരില്‍ കേരളത്തെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ തീരപ്രദേശം ഏറ്റവും കുടുതലുള്ളത് എറണാകുളം കഴിഞ്ഞാല്‍ മലപ്പുറത്താണ് തീരപ്രദേശത്തെ ജനങ്ങളുടെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചില സീസണുകളില്‍ പട്ടിണിയും ദാരിദ്ര്യവും നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്. 

ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്നതും വികസനത്തിനാവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കുന്നതുമായ എം.എസ്.ഡി.പി പദ്ധതി ജില്ലയില്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
അഞ്ചുടി, ചീരാന്‍ കടപ്പുറം, പുതിയ കടപ്പുറം എന്നിവിടങ്ങളില്‍ മേല്‍പ്പാലം നിര്‍മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനും മത്സ്യതൊഴിലാളികളുടെ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സംന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും അബ്ദുള്‍റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ നിര്‍ദ്ദേശിച്ചു.
പ്ലസ്റ്റു പരീക്ഷയില്‍ ജില്ല ഉന്നത വിജയം കൈവരിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ കോളെജുകളിലും പുതിയ ബാച്ചുകളോ കോഴ്‌സുകളോ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രതിനിധി വി.എ.കരീം അവതരിപ്പിച്ചു.
ഐ.റ്റി.ഡി.പി. യുടെ കീഴിലുള്ള പ്രി-മെട്രിക് ഹോസ്റ്റലുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ 10 ഹോസ്റ്റലുകളിലും ഒഴിവുള്ള വാര്‍ഡന്‍ തസ്തികയില്‍ താത്കാലികമായാണ് വാര്‍ഡര്‍മാരെ നിയമിക്കുന്നത് ഇതിനൊരു പരിഹാരമുണ്ടാക്കാനും യോഗം തീരുമാനിച്ചു.
നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ എസ്റ്റിമെറ്റ് തയ്യാറാക്കിയിരിക്കുന്നത് വെള്ളം, വെളിച്ചം, ഫര്‍ണിച്ചര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെയാണെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു. മഞ്ചേരി, നറുകര വില്ലേജുകളില്‍ ഫെയര്‍ വാല്യു കൂടുതലാണെന്ന പരാതിക്ക് പരിഹാരം കാണാന്‍ പ്രത്യേക അദാലത്ത് നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് കണ്ടുകെട്ടിയ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം തടയുന്നതിന്റെ ഭാഗമായി ജില്ലാ-താലൂക്ക് ആശുപത്രികളില്‍ രാത്രി എട്ട് വരെ ലാബുകള്‍ പ്രവര്‍ത്തിക്കും. കൃഷി അസിസ്റ്റന്റുമാരുടെ 150 ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അിറയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വി.ഇ.ഒ മാരെ നിയമിക്കാനും തീരുമാനമായി.
യോഗത്തില്‍ എം.എല്‍.എ മാരായ എം.ഉമ്മര്‍, അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി, റ്റി.എ അഹമ്മദ്കബീര്‍, മുഹമ്മദുണ്ണി ഹാജി, പി.ഉബൈദുള്ള, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി എ.കെ. മുഹമ്മദ് മുസ്തഫ, മന്ത്രി പി.കെ. അബ്ദുറബിന്റെ പ്രതിനിധി കെ.കെ. നഹ, കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്റെ പ്രതിനിധി സലീംകുരുവമ്പലം, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രതിനിധി വി.എ. കരീം, മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രതിനിധി കെ. ബ്രാജുദി, മന്ത്രി എ.പി.അനില്‍കുമാറിന്റെ പ്രതിനിധി കെ.സി.കുഞ്ഞുമുഹമ്മദ്, എ.ഡി.എം. എന്‍.കെ ആന്റണി, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ. മുഹമ്മദലി, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

English Summery
Dist development committee in beach areas 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم