വാണിജ്യസാധ്യത പരിമിതം: ഷോപ്പിംഗ് കോംപ്ലക്‌സ് രൂപരേഖയില്‍ മാറ്റം


മലപ്പുറം: മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് നേരത്തെ തയ്യാറാക്കിയ രൂപരേഖയില്‍ കാതലായ മാറ്റം. പതിനൊന്ന് നിലയില്‍ നിര്‍മിക്കാനുദ്ദേശിച്ച കോംപ്ലക്‌സ് ആറ് നിലയിയാക്കി കുറക്കാനാണ് തീരുമാനം. സാമ്പത്തികമായി അധികബാധ്യത വരുമെന്ന കണക്കുകൂട്ടലിലാണ് പഴയ രൂപരേഖയില്‍ മാറ്റം വരുത്തിയത്. മലപ്പുറം നഗരത്തില്‍ വാണിജ്യസാധ്യത പരിമിതമാണെന്നാണ് കെ എസ് ആര്‍ ടി സിയുടെ വിലയിരുത്തല്‍.
പദ്ധതി അവലോകനം ചെയ്യാന്‍ ഇന്നലെ മലപ്പുറം എം എല്‍ എ പി ഉബൈദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ രൂപരേഖ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. കെ എസ് ആര്‍ ടി സി ഡിപ്പോയുടെ പിന്‍വശത്തും പടിഞ്ഞാറ് വശത്തുമായി വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുക. പിന്‍വശത്തു നിന്ന് നോക്കുമ്പോള്‍ ആറ് നിലകളും മുന്‍വശത്തു നിന്ന് നോക്കിയാല്‍ മൂന്നു നിലകളുമുള്ള രീതിയിലായിരിക്കും കെട്ടിടത്തിന്റെ നിര്‍മാണം. ഇപ്പോഴത്തെ പ്രവേശന കവാടം മാറ്റില്ല. കെട്ടിടത്തിലേക്ക് പിന്‍വശത്തു നിന്നും മുന്‍വശത്തു നിന്നും പ്രവേശിക്കാനാകും. നിലവിലുള്ള ഗാരേജ് അറ്റകുറ്റ പണികള്‍ നടത്തി നിലനിര്‍ത്തും. നിര്‍മാണചുമതല കെ ടി ഡി എഫ് സിക്ക് തന്നെ നല്‍കും.
കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കുന്നതിന് ആര്‍കിടെക്ടിനെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. പദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കി കെ ടി ഡി എഫ് സി മലപ്പുറം മുനിസിപ്പാലിറ്റിയില്‍ നിന്ന് അംഗീകാരം വാങ്ങണം. നേരത്തെ തയ്യാറാക്കിയ പ്ലാന്‍ അനുമതിക്കായി ഇതുവരെ മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുസ്തഫ യോഗത്തില്‍ അറിയിച്ചു. നാളെ തിരുവനന്തപുരത്ത് ഗതാഗത വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദുമായി പദ്ധതി സംബന്ധിച്ച ചര്‍ച്ച നടത്തും. ആറുമാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനകം നിര്‍മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത കെ എസ് ആര്‍ ടി സി ചീഫ് എന്‍ജിനിയര്‍ ആര്‍ ഇന്ദു പറഞ്ഞു
പുതിയ പ്ലാനിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല. 2007 ല്‍ 31.61 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയതെങ്കിലും നടപടികളൊന്നും മുന്നോട്ടു പോയില്ല. 2.34 ഏക്കറില്‍ പതിനൊന്ന് നിലകളില്‍ വിശാലമായ സൗകര്യത്തോടെയുള്ള കോംപ്ലക്‌സാണ് നേരത്തെ വിഭാവനം ചെയ്തിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇതിനേക്കാള്‍ കുറഞ്ഞ സ്ഥലമായിരിക്കും ഉപയോഗപ്പെടുത്തുക. മലപ്പുറം കുന്നുമ്മലിന്റെ പരമ്പരാഗത രൂപം നിലനിര്‍ത്തി കൊണ്ടായിരിക്കും കെട്ടിടം. മലപ്പുറത്തിനും കെ എസ് ആര്‍ ടി സിക്കും ഗുണകരമായ രീതിയില്‍ പദ്ധതി നടപ്പാക്കണമെന്നും കാലതാമസം ഒഴിവാക്കണമെന്നും യോഗത്തില്‍ പി ഉബൈദുല്ല എം എല്‍ എ ആവശ്യപ്പെട്ടു. കെ എസ് ആര്‍ ടി സിക്ക് നഷ്ടമുണ്ടാകാത്ത രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ചീഫ് എന്‍ജിനിയര്‍ പറഞ്ഞു. ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ച് ഷോപ്പിംഗ് കോംപ്ലസ് മാത്രമാക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ (ടെക്‌നിക്കല്‍) എം ടി സുകുമാരന്‍, സോണല്‍ ഓഫീസര്‍ ഈസ്റ്റര്‍ യാഷിക്ക, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എം ബി ശ്രീകുമാര്‍, എ ടി ഒ എം ജനാര്‍ദ്ദനന്‍ എന്നിവരും വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളും പങ്കെടുത്തു.
Key words:Kerala,Malappuram, Ksrtc

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post