റഊഫിന്റെ ആരോപണം വസ്തുതാ വിരുദ്ധം: യൂത്ത്‌ലീഗ്

എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ കാടിയത്ത് മലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫാക്ടറി യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ ഉപയോഗിച്ച് പൂട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവാദ വ്യവസായി കെ.എ.റഊഫിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വാഴക്കാട് പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മറ്റി അറിയിച്ചു.

റഊഫിന്റെ ഫാക്ടറി ഇപ്പോഴും നിര്‍മ്മാണ ഘട്ടത്തിലാണ്. 10 വര്‍ഷമായിട്ടും ഇത് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഈ പ്രദേശത്ത് നടക്കുന്നത് ഫാക്ടറി നിര്‍മ്മാണമല്ല. പരിസര വാസികളില്‍ നിന്നും 500രൂപക്ക് കൈക്കലാക്കിയ ഭൂമി 50000 രൂപ വില നിശ്ചയിച്ച് വിവിധ ഏജന്‍സികള്‍ക്ക് ചെങ്കല്‍ ഖനനത്തിന് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. 

വാഴക്കാട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളുടെ അതിര് നിര്‍ണ്ണയിക്കുന്ന ഏറ്റവും ഉയരം കൂടിയ ഈ മല നിശേഷം ഇല്ലാതാവുന്നത് കൊണ്ട് ചെങ്കല്‍ ക്വാറികളിലെ വെള്ളം ഇറങ്ങി വന്‍ ഉരുള്‍പൊട്ടലിന് ഹേതുവാകുന്ന വിധത്തിലാണ് ഇപ്പോള്‍ ഇവിടെ ചെങ്കല്‍ ഖനനം നടക്കുന്നത്. ഒരേ സമയം 8 മണ്ണ് മാന്തി യന്ത്രങ്ങളും, 40 ഓളം കല്ല് വെട്ട് മെഷീനുകളും രാപ്പകല്‍ ഭേദമന്യേ ഇവിടെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങളുടെ ആവാസ വ്യവസ്ഥതയെയും പ്രകൃതിയെയും ഗുരുതരമായി ബാധിക്കുമെന്ന് കണ്ട് പ്രദേശത്തെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനധീതമായി ഇതിനെതിരെ സംഘടിച്ചിട്ടുള്ളതാണ്. ഈ മലയോട് ചേര്‍ന്ന് കിടക്കുന്ന മൂന്ന് വാര്‍ഡുകളുടെ ഗ്രാമസഭകളും ചെങ്കല്‍ ഖനനത്തിനെതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുള്ളതാണ്. ഇത്തരമൊരുഘട്ടത്തില്‍ മുസ്ലിംയൂത്ത്‌ലീഗിന് പ്രദേശ വാസികളുടെ സമരം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇന്നേ വരെ യൂത്ത്‌ലീഗ് ഈ വിഷയത്തില്‍ പ്രത്യക്ഷ സമരം നടത്തിയിട്ടില്ല. എന്നാല്‍ നാളെ മുതല്‍ ബഹുജന പ്രക്ഷോഭത്തില്‍ യൂത്ത്‌ലീഗും പങ്കാളികളാവുകയാണ്.
സര്‍വ്വ നിയമങ്ങളും വെല്ലുവിളിച്ച് സാമ്പത്തിക പ്രലോഭനങ്ങളുടെ മറ പിടിച്ചും ഇവിടെ നടക്കുന്ന ചെങ്കല്‍ ഖനനത്തിന്റെ ഭീകര ദൃശ്യം ഈ പ്രദേശം സന്ദര്‍ശിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടെ ഉരുള്‍പൊട്ടുന്ന പക്ഷം താഴ് വാരത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവന്‍ അപകടത്തിലാവും. തന്‍നിമിത്തം ജീവരക്ഷക്ക് വേണ്ടി പ്രദേശ വാസികള്‍ നടത്തുന്ന സമരം അട്ടിമറിക്കുന്നതിന് വേണ്ടി അനാവശ്യമായി യൂത്ത്‌ലീഗിനെ വലിച്ചിഴച്ച് വിവാദമുണ്ടാക്കുന്നതിനാണ് റഊഫ് ശ്രമിക്കുന്നത്. ആയത് വാഴക്കാട്ട് വിലപോവില്ലെന്ന് റഊഫ് മനസ്സിലാക്കണം. 
യോഗത്തില്‍ എം.സി.സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.കെ.നൗഷാദ്, സി.കെ.ശബീര്‍, കെ.എം.നൗഷാദ്, എം.എ.കബീര്‍, പി.കെ.റഫീഖ് അഫ്‌സല്‍, ഇ.ടി.റിഷാദ്, എം.ആസിഫ്, എം.കരീം, ഉമറലി ശിഹാബ്, മുഷ്താഖ് ബാബു പ്രസംഗിച്ചു.

English Summery
Allegation of Rouf was baseless: Youth League

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم