ചികിത്സയെന്ന മാറാരോഗം- ഭാഗം 2

ജീവിതത്തിനിടയില്‍ നാം ബാഹ്യമായ നിര്‍ബന്ധം നിമിത്തമോ അല്ലാതെയോ പ്രകൃതിയുമായി സമരസപ്പെടുന്നതില്‍ വീഴ്ചവരുത്തുമ്പോള്‍ നമുക്ക് അസന്തുലിതത്വം അഥവാ രോഗം പിടിപെടുകയോ ഉണ്ടാവുകയോ ചെയ്യുന്നു. ഇതിനെവീണ്ടും സന്തുലിതമാക്കുക, മേലില്‍ അസന്തിലതത്വം വരാതിരിക്കാനുള്ള പരമാവധി പരിശ്രമം നടത്തുക ഇവയെ ചികിത്സ എന്ന് വിളിക്കപ്പെടുന്നു. സമഗ്രചികിത്സാരീതികള്‍ ഇതിന് നമ്മില്‍ ലീനമായ പ്രതിരോധശേഷിയെ പരമാവധി ആശ്രയിക്കുകയും പരിഹാരക്രിയകള്‍ക്കാവശ്യമായ അസംസ്‌കൃത-സംസ്‌കൃത വസ്തുക്കള്‍ പ്രകൃതിയില്‍ നിന്ന് അഥവാ ഭക്ഷണത്തില്‍ നിന്നു തന്നെ ലഭ്യമാക്കുകയും ചെയ്യുന്നു.
മനുഷ്യസൃഷ്ടിപ്പില്‍ ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത സിന്തറ്റിക്ക് വസ്തുക്കളേയോ അതുപോലുള്ള മറ്റു അപ്രകൃതിക വസ്തുക്കളെയോ ആശ്രയിക്കുന്നേ ഇല്ല. ആയതിനാല്‍ പ്രകൃതിവിരുദ്ധ പ്രക്രിയ നല്‍കുന്ന താല്‍ക്കാലിക-വികലസുഖത്തിനു പകരം നാം അറിഞ്ഞോ അറിയാതെയോ ഭംഗപ്പെടുത്താത്തിടത്തോളം ശാശ്വതവും നിര്‍ദ്ദോഷവുമായ ഫലം നല്‍കുന്നു. ദൈവം ശരീരനിര്‍മ്മിതിയില്‍ ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത സിന്തറ്റിക്ക്-രാസപദാര്‍ത്ഥങ്ങളില്‍ ആധുനിക അലോപ്പതി ചികിത്സ അള്ളിപ്പിടിച്ചിരിക്കുന്നെങ്കിലും അലോപ്പതിയുടെ പിതാവ് ഹിപ്പോക്രാറ്റസ് ഈ അഭിപ്രായക്കാരനായിരുന്നില്ല. അദ്ദേഹം പറഞ്ഞത് 'നിന്റെ ഭക്ഷണമാണ് നിന്റെ മരുന്ന്' എന്നാണ്. പ്രകൃതിക്ക് സമരസപ്പെട്ട് ജീവിക്കുന്ന മനുഷ്യനു സന്തുലിതമായ ഭക്ഷണം മാത്രം മതി മരുന്നായി എന്നര്‍ത്ഥം. ഇതിനെഉപയോഗിച്ച് നമ്മുടെ പ്രതിരോധ ശേഷി അഥവാ ജീവന്‍ വേണ്ട റിപ്പയറുകള്‍ നിര്‍വ്വഹിച്ചുകൊള്ളും.
ഏകപിതൃത്വത്തില്‍ അഭിമാനവും നിര്‍ബന്ധബുദ്ധിയുമുള്ള പ്രാചീനമായ സംസ്‌കൃതികള്‍ നില നിന്നിരുന്ന രാജ്യങ്ങളില്‍ നിന്നും പിടിവിട്ട് ആധുനികലോകത്തിന്റെ എന്നപോലെ ആധുനിക ചികിത്സയുടേയും നിയന്ത്രണം പറയത്തക്ക പാരമ്പര്യമോ സംസ്‌കാരമോ ഇല്ലാത്ത അമേരിക്കയുടെ കയ്യിലായി. അതോടെ ഏക പിതാവായ ഹിപ്പോക്രാറ്റസ്   (Hippocrates)  തമസ്‌കരിക്കപ്പെടുകയും ഒരുകൂട്ടം ഹൈപോക്രേറ്റ്‌സ് ( Hypocrites ) അലോപ്പതിക്ക് പിതാക്കളാവുകയും ചെയ്തു. അതോടെ ലോകജനതയെ വിളനിലമായും രോഗങ്ങളെ വിളകളായും കാണുന്ന പൈശാചികത ഔന്നത്യത്തിന്റെയും അന്തസ്സിന്റെയും മുഖമുദ്രായായി. വൈദ്യശാസ്ത്ര സിലബസ്സുപോലും കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി വളച്ചൊടിച്ച് ചിട്ടപ്പെടുത്തി. ലാഭകരമായ ചികിത്സാസങ്കേതങ്ങളേയും (സര്‍ജ്ജറി) ഉപകരണങ്ങളേയും പദാര്‍ത്ഥങ്ങളേയും മറ്റുചികിത്സാസമ്പ്രദായക്കാര്‍ക്ക് അപ്രാപ്യമാക്കി. ഇതെല്ലാം അലോപ്പതിയുടെ കണ്ടുപിടുത്തങ്ങളായി ചിത്രീകരിച്ചു.
യഥാര്‍ത്ഥത്തില്‍ അലോപ്പതി സര്‍ജ്ജറി തുടങ്ങുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മറ്റു പ്രാചീന മുറകളില്‍ അവ നടത്തിവന്നിരുന്നു. അന്ന് അവലംബിച്ചിരുന്ന രീതികളിലും ആയുധങ്ങളിലും ഇന്ന് മാറ്റമുണ്ടെങ്കിലും. അലോപ്പതിയിലും അന്നുതൊട്ടിന്നുവരെ ഒരേ രീതിയും ഉപകരണങ്ങളുമല്ല ഉപയോഗിക്കുന്നത്. ഇന്ന് അലോപ്പതി ചികിത്സയില്‍ ഉപയോഗിക്കുന്ന നല്ല ശതമാനം ഉപകരണങ്ങളും പദാര്‍ത്ഥങ്ങളും പലപ്പോഴായി പല എഞ്ചിനീയര്‍മാരും കെമിസ്റ്റുകളും കണ്ടെത്തിയവയും ഉണ്ടാക്കിയവയുമാണ്. അവരൊന്നും അലോപ്പതിയുടെ ഭാഗമോ അവര്‍ക്കൊന്നും ഇത് അലോപ്പതിക്കാരേ ഉപയോഗിക്കാവൂ എന്ന നിര്‍ബന്ധമോ ഇല്ലായിരുന്നിട്ടും വന്‍ലാഭം മാത്രം മുന്നില്‍ക്കണ്ട് ഹൈപോക്രേറ്റ്‌സ് കയ്യടക്കി. ഇനിയുമൊരു അവകാശവാദം ആരും ഒരിക്കലും ഉന്നയിക്കാതിരിക്കാന്‍ മറ്റുചികിത്സാ സമ്പ്രദായങ്ങള്‍ക്ക് മാനദണ്ഡം നിശ്ചയിക്കുന്നതിലും സിലബസ്സ് നിര്‍മ്മിക്കുന്നതിലുമടക്കം ആഗോളതലത്തില്‍ പരോക്ഷമായി സ്വാധീനം ചെലുത്തി സര്‍വ്വ മേഖലയേയും വരുതിയിലാക്കി.
അലോപ്പതിയുടെ 'വളര്‍ച്ചാ'വേഗത മറ്റുചികിത്സാ സമ്പ്രദായങ്ങളേയും അലോപ്പതിയുടെ പല രീതികളേയും കടംകൊള്ളാന്‍ പ്രേരിപ്പിച്ചു. ചികിത്സകളിലും മരുന്നു നിര്‍മ്മാണത്തിലും ഇത്തരം നൂതനസമ്പ്രദായങ്ങളെ നമ്മുടെ ചിരപരിചിത മുറകളായ ആയുര്‍വ്വേദ-സിദ്ധ മുറകളും പിന്‍തുടര്‍ന്നതിന്റെ ഗുണഫലങ്ങളാണ് യാത്രാവേളകളിലും മറ്റും കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും എളുപ്പമായ കഷായ ഗുളികകളും കോണ്‍സണ്‍ട്രേറ്റഡ് എക്‌സ്ട്രാക്റ്റുകളും മറ്റും. പക്ഷെ ഈ കടമെടുപ്പും
യന്ത്രവല്‍കൃത നിര്‍മ്മാണവും മരുന്നുകളുടെ ഗുണനിലവാരത്തില്‍ ഗണ്യമായ തരംതാഴ്ചയുണ്ടാക്കി. ഇത് ആത്യന്തികമായി സമഗ്രചികിത്സയെ കൂടുതല്‍ പിറകോട്ടുതള്ളി. അമ്മിയില്‍ ഇത്രവേഗത്തില്‍ ഇത്രസമയം വീതം ഇത്രദിവസം അരയ്ക്കണം എന്ന് പറഞ്ഞ മരുന്നിനെഅളവുകൂടിയാലും എളുപ്പത്തിനു വേണ്ടി ആട്ടുകല്ലിലിട്ടു അരച്ചുകൂടാ. തണലില്‍ ഭാവനചെയ്ത് ഉണക്കാന്‍ പറഞ്ഞ മരുന്നിന് ശുദ്ധമായ വായുസഞ്ചാരത്തോടൊപ്പം നേരിട്ടല്ലാത്ത സൂര്യപ്രകാശം തന്നെ കിട്ടണം. മോട്ടറൈസ്ഡ് മോര്‍ട്ടാറും ഡ്രൈയറും ഇത്തരം സൂക്ഷ്മക്രിയകളെ തകിടം മറിച്ചു. പ്രത്യേക അനുപാതത്തില്‍ കിട്ടേണ്ടിയിരുന്ന ചൂടും മര്‍ദ്ധവും മറ്റും താറുമാറായതുവഴി മരുന്നുകളുടെ രാസ സംയോഗവും പരിണിത രാസഘടനയും മാറി.
ഭക്ഷ്യ എണ്ണയുടേയും ഡീസലിന്റെയും മൗലീക ഘടകങ്ങള്‍ ഒന്നായിരിക്കെതന്നെ രണ്ടും രണ്ടുഫലം നല്‍കുന്നു. തുടര്‍ച്ചയായി ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന ഭക്ഷ്യഎണ്ണ മൗലീക ഘടകങ്ങളായ ഹൈഡ്രജന്റെയും കാര്‍ബണിന്റെയും വിന്യാസത്തില്‍ മാറ്റംവന്ന് ഡീസലിന് തുല്യമായി പരിണമിക്കുന്നു. കഞ്ചാവിന്റെ ഇല നേരിട്ടുകത്തിച്ചു വലിക്കുന്നതും പ്രത്യേകരീതിയില്‍ കയ്യിലിട്ട് മര്‍ദ്ദിച്ച് കത്തിച്ച് വലിക്കുന്നതും വ്യത്യസ്ത ഫലം നല്‍കുന്നു. ഇതില്‍ നിന്നെല്ലാം നിര്‍മ്മാണത്തനിമയിലെ കണശതയും ആവശ്യവും നമുക്ക് മനസ്സിലാക്കാം. ഒരേഘടകങ്ങളെയാണെങ്കിലും വ്യത്യസ്തരീതിയില്‍ കൂട്ടിച്ചേര്‍ത്താല്‍ വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കുക.
വാണിജ്യാടിസ്ഥാനത്തില്‍ യന്ത്രസഹായത്താല്‍ നിര്‍മ്മിക്കുന്ന മരുന്നുകളുടെ ഘടകങ്ങളും അളവും കൃത്യമായിരുന്നാലും നാം ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കിയ ഗുണഫലം അതിനുണ്ടാകണമെന്നില്ല. ദോഷഫലം ഉണ്ടായിക്കൂടായ്കയുമില്ല. പടിഞ്ഞാറിന്റെ സ്വാധീനം ആധുനികതയെ അടിമുടി ആവേശിച്ചിരിക്കയാല്‍ സംസ്‌കാരത്തിലെന്നപോലെ ചികിത്സാകാഴ്ചപ്പാടുകളിലും ഒരുമാറ്റം ശ്രമകരം തന്നെ. വിത്തെറിഞ്ഞവനെബഹുമാനിക്കുന്ന പവിത്രമായ പാരമ്പര്യം മറന്ന് ആരുടേതെന്ന്‌പോലും നോക്കാതെ കൊയ്തുകയ്യടക്കിയവന്‍ മാന്യനും ബഹുമാന്യനുമാകുന്ന പൈശാചികത ആധുനികതയുടെ മുഖമുദ്രയും MBA എന്ന ഓമനപ്പേരുള്ള  Glorified Pimping  കച്ചവടങ്ങളുടെ നേതൃത്വം കയ്യേല്‍ക്കുകയും ചെയ്യിച്ചതും ഒരു ദീര്‍ഘകാല പ്രോജക്റ്റിന്റെ ഭാഗമല്ലെന്നാരുകണ്ടു. (എന്താണ്, എന്തിനാണ് എന്നൊന്നുമറിയാതെ ഒരു ജോലികിട്ടുകയെന്ന മിനിമം ലക്ഷ്യത്തോടെ'ഒരെമ്പിയെക്ക്' പഠിച്ച സാധുക്കള്‍ എന്നോട് ക്ഷമിക്കുക. ഞാന്‍ എന്നല്ല ആരും നിങ്ങളെ ഉദ്ദേശിച്ചിട്ടേയില്ല അതുകൊണ്ട് PSCഎഴുതിക്കൊണ്ടെയിരിക്കുക) 2004 ആഗസ്റ്റ് 1 ഞായറാഴ്ചത്തെ വാഷിംഗ്ടണ്‍പോസ്റ്റ് പത്രത്തില്‍ ജെറോം.പി.കസ്സിറര്‍ (Jerom.P.Kassirer) ഒരു വന്‍ തട്ടിപ്പ് വെളിപ്പെടുത്തുകയുണ്ടായി. അമേരിക്കയിലെ കൊളസ്‌ട്രോള്‍ മരുന്നുപയോഗത്തിന് മാര്‍ഗ്ഗരേഖയുണ്ടാക്കാന്‍ ചുമതലയുള്ള ദേശീയ കൊളസ്‌ട്രോള്‍ വിദ്യാഭ്യാസപരിപാടി(NCEP)യുടെ തലപ്പത്തുള്ള ഒമ്പതുപേരില്‍ എട്ടാളും കുത്തക മരുന്നു കമ്പനികളുടെ കയ്യില്‍ നിന്ന് കോടികള്‍ പ്രതിഫലം പറ്റുന്നവരായിരുന്നു എന്നതാണാ സത്യം.
സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും സ്റ്റാറ്റിന്‍ കഴിക്കാതിരുന്നാള്‍ അറ്റാക്കുവന്നു മരിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തുകയുമായിരുന്നു അവരുടെ പ്രധാനപണി. ഇതുവഴി ഈ മരുന്നുപയോഗിക്കുന്നവരുടെ മൊത്തം എണ്ണത്തിലും കഴിക്കുന്ന മരുന്നിന്റെ അളവിലും വന്‍ വര്‍ദ്ധനവുണ്ടാക്കാനായി. അതുപോലെ സ്റ്റാറ്റിന്‍ മരുന്ന് ഹൃദ്‌രോഗത്തിന് നല്ലതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അമേരിക്കയിലെ പ്രസിദ്ധമായ ക്ലീവ്‌ലന്റ് ക്ലിനിക്കില്‍ മെര്‍ക്ക് (Merck)പോലുള്ള ഭീമന്‍ മരുന്നുകമ്പനികള്‍ വന്‍പരസ്യം നല്‍കി സംഘടിപ്പിച്ച പരീക്ഷണപരിപാടിയുടെ ആകത്തുകയും ഇങ്ങനെത്തന്നെയായിരുന്നു. എഉഅ അംഗീകാരമുള്ള ദലശേമ എന്ന മരുന്നിനെക്കുറിച്ചായിരുന്നു പഠനം. വൈദ്യശാസ്ത്രജ്ഞന്‍മാരുടെ ഒരു സംഘം തന്നെയുള്ള ക്ലീവ്‌ലന്റ് ക്ലിനിക്കിന്റെ ചെയര്‍മാന്‍ ഓഫ് കാര്‍ഡിയോളജി ഡോക്ടര്‍ സ്റ്റീവന്‍ നിസ്സന്‍ ആയിരുന്നു പഠനത്തലവന്‍. കോടികള്‍ ചിലവിട്ട് രണ്ടു വര്‍ഷമെടുത്ത് നടത്തിയ പരീക്ഷണ റിസള്‍ട്ട് ക്രോഡീകരണത്തിനു മുമ്പെ കമ്പനികള്‍ മുക്കി. മാധ്യമങ്ങളും കാര്‍ഡിയോളജിസ്റ്റുകളും പൊതുജനവും പ്രതിഷേധ പ്രതികരണങ്ങള്‍ നടത്തിയപ്പോള്‍ നിവൃത്തികെട്ട് അമേരിക്കന്‍ ഭരണകൂടത്തിനു തന്നെ ഇടപെട്ട് ഫലം പുറത്തുവിടേണ്ടി വന്നു. 2008 ജനുവരി 15 ന് പുറത്തുവിട്ട പത്രപ്രസ്താവനഈ മരുന്ന് ഗുണം ചെയ്യുന്നില്ലെന്ന് മാത്രമല്ല ദോഷം ചെയ്യുന്നതായും വെളിപ്പെടുത്തി. പക്ഷെ ഈ കാലയളവുകൊണ്ടു തന്നെ കമ്പനികള്‍ കോടാനുകോടികള്‍ സമ്പാദിച്ചിരുന്നു.
ഇങ്ങനെയൊക്കെയായിട്ടും അമേരിക്കന്‍ ഗവണ്‍മെന്റ് ഇതിനെതിരെ ഒന്നു ചെറുവിരല്‍ അനക്കിയിട്ടില്ല. മാത്രമല്ല അവരുടെകൂടി മൗനാനുവാദത്തോടെ ആഗോളതലത്തില്‍ കുത്തക മരുന്നു കമ്പനികള്‍ വ്യാജപ്രചരണത്തിലൂടെ വന്‍ വ്യാപാരം നടത്തിവരികയും ചെയ്യുന്നു. നമ്മുടെ നാട്ടിലേയും ഭൂരിപക്ഷം ഡോക്ടര്‍മാര്‍ അറിയാതെയും ഒരു ന്യുനപക്ഷം അറിവോടെയും ഇത്തരം ഭീമന്‍മാരുടെ
ചട്ടുകങ്ങളാണ്.
                                                         തുടര്‍ന്ന് വായിക്കുക.......                                                            
Dr. Rasheed Husain
ഡോ: റഷീദ് ഹുസൈന്‍. ടി.
MBBS, MD
(കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും
MD(OM) കഴിഞ്ഞ ലേഖകന്‍
ഓര്‍ത്തോമോളിക്യുലാര്‍ മെഡിസിനില്‍
പി.എച്ച്.ഡി ചെയ്തുവരുന്നു)





Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post