കുട്ടികളുടെ പഠന നിലവാരം: അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പഠനം നിലവാരം, സ്വഭാവം എന്നിവ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കള്‍ സ്‌കൂളുകളിലെത്തി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു. പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം വേങ്ങര ഉപജില്ലയിലെ ഊരകം മേല്‍മുറി ജി.എം.എല്‍.പി.സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ഇതോടനുബന്ധിച്ച് വിവിധ ധനസഹായ വിതരണവും കൈപുസ്തകത്തിന്റെ പ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.കുഞ്ഞു അധ്യക്ഷനായിരുന്നു. കുട്ടികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഘോഷയാത്രയും സംഘടിപ്പിച്ചു.
ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ കെ.സി.ഗോപി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.അബ്ദുറസാക്ക്, നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ബി.സുധ, എസ്.എസ്.എ. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഇ.ടി.മുഹമ്മദ് മുനീര്‍, പി.ടി.എ പ്രസിഡന്റ് പി.റ്റി. ഉമ്മര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.റ്റി.എ പ്രസിഡന്റുമാര്‍ക്കും പ്രധാനാധ്യാപകര്‍ക്കുമായി തയ്യാറാക്കിയ 'പഠിപ്പിക്കുക, പരിരക്ഷിക്കുക' എന്ന കൈപുസ്തകവും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്‌ലു പ്രകാശനം ചെയ്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم