കല്ല്യാണത്തിനുപോയ സമയത്ത് വീട്ടില്‍ കയറി മോഷണം: പ്രതിക്ക് തടവും പിഴയും

മഞ്ചേരി: വീട്ടുകാര്‍ കല്ല്യാണത്തിനുപോയ സമയത്ത് വീട്ടില്‍ കയറി 49000 രൂപയുടെ മോഷണം നടത്തിയ കേസില്‍ ഒന്നാം പ്രതിയെ കോടതി ശിക്ഷിച്ചു. കോഴിക്കോട് നരിപ്പറ്റ പടിഞ്ഞാറയില്‍ പറമ്പത്ത് ഫൈസലി(24)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 

വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഒന്നര വര്‍ഷം തടവ്, 2000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 15 ദിവസം അധിക തടവ്, മോഷണം നടത്തിയതിന് ഒരു വര്‍ഷം തടവ്, 2000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 15 ദിവസം അധിക തടവ്, വീടിന് നാശനഷ്ടം വരുത്തിയതിന് ഒരു വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
2010 നവംബര്‍ 28ന് രാത്രി എട്ടര മണിക്കാണ് കേസിനാസ്പദമായ സംഭവം. പൂക്കോട്ടൂര്‍ പെട്രോള്‍ പമ്പിന് സമീപം ദിയാ മഹലില്‍ കോറങ്കണ്ടന്‍ അഹമ്മദ് അക്ബറി (44) ന്റെ വീട്ടിലാണ് മോഷണം നടന്നത്. കോഴിക്കോട് കരിക്കാംകുളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വിവാഹത്തിന് പോയതായിരുന്നു അക്ബറും കുടുംബവും. 

രാത്രി ഒമ്പതര മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. സോണി ഡിജിറ്റല്‍ കാമറ, രണ്ട് മൊബൈല്‍ ഫോണുകള്‍, വാച്ച്, 30000 രൂപ എന്നിവയടക്കം 49000 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. കേസിലെ രണ്ടാം പ്രതി കൊടുവള്ളിയില്‍ കരിമ്പയില്‍ നിസാര്‍ എന്ന അന്‍സാറിനെതിരെയുള്ള കേസ് ഇതേ കോടതിയില്‍ നടന്നു വരികയാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post