മലപ്പുറം: മലപ്പുറം നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ പി.കെ സക്കീര്‍ ഹുസൈന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. നഗരസഭയില്‍ നടക്കുന്ന അഴിമതിയില്‍ പ്രതിഷേധിച്ചാണ് 20–ാം വാര്‍ഡ് (ചെമ്മങ്കടവ്) കൗണ്‍സിലറായ സക്കീര്‍ ഹുസൈന്‍ രാജിക്കത്ത് നല്‍കിയത്. മുനിസിപ്പല്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കൊന്നോല യൂസഫിനാണ് കത്ത് നല്‍കിയിരിക്കുന്നത്. രാജി സംബന്ധിച്ച് പാര്‍ട്ടി ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കും.
നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ പരിമജീദ് നഗരസഭയിലെ ചില ഉദ്യോഗസ്ഥരെയും കൂട്ടുപിടിച്ച് നടത്തുന്ന അഴിമതിയില്‍ പ്രതിഷേധിച്ചാണ് താന്‍ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനം രാജിവെക്കുന്നതെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ആരോഗ്യ ജനസേവന കേന്ദ്രത്തില്‍ ജനന- മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി നല്‍കുന്നതിനും പണം വാങ്ങുന്നതായി ആരോപണമുണ്ടായിരുന്നു. പൊതുജനങ്ങളോ മറ്റു കൗണ്‍സിലര്‍മാരോ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വന്നാല്‍ പല സാങ്കേതിത്വവും പറഞ്ഞ് വട്ടം കറക്കുന്ന ഉദ്യോഗസ്ഥര്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നുള്ളൂ. മാത്രമല്ല വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാക്കി നല്‍കിയിരുന്നു. ഓഫീസില്‍ മാത്രം സൂക്ഷിക്കേണ്ട ജനന മരണ രജിസ്ട്രര്‍ പുറത്തേക്ക് ആവശ്യപ്പെട്ടപ്പോല്‍ നല്‍കാതിരുന്നതിന് രജിസ്ട്രാറെ പരി മജീദ് സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റിയതായും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു. മാത്രമല്ല രജിസ്ട്രാര്‍ ഓഫീസിന്റെ താക്കോല്‍ ഇപ്പോള്‍ കാണാനില്ലെന്നും ഇതു സംബന്ധിച്ച് മലപ്പുറം പൊലീസില്‍ ചെയര്‍മാന്‍ പരാതി നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ഡിംഗ് പ്‌ളാനുകളുമായി ബന്ധപ്പെട്ടും വന്‍ അഴിമതിയാണ് നടക്കുന്നത്. മലപ്പുറത്ത് പല കെട്ടിടങ്ങളും ഉയരുന്നത് പ്‌ളാനുകളും പെര്‍മിറ്റുകളുമില്ലാതെയാണ്. നഗരസഭ പെര്‍മിറ്റ് നല്‍കാതെ തിരിച്ചയക്കുന്ന പല കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരത്ത് ഡി.പി.സിയില്‍ നിന്നും അംഗീകാരം വാങ്ങിക്കുക, വയല്‍ നികത്തുന്നതിനും മറ്റുമെല്ലാം കാശു വാങ്ങി അനുവാദം നല്‍കുക തുടങ്ങി നഗരസഭ അഴിമതിയില്‍ മുങ്ങിയതായും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു. ഇത്തരം അഴിമതികള്‍ ജനമദ്ധ്യത്തില്‍ ചര്‍ച്ചയായതോടെ താന്‍ ചെയര്‍മാനും പാര്‍ട്ടിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് രാജിക്കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയില്‍ നടക്കുന്ന അഴിമതിയില്‍ പ്രതിഷേധിച്ച് ഭരണപക്ഷത്തെ ഒരംഗം തന്നെ രാജിവെക്കുന്നത് മലപ്പുറം നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ രാജിവെക്കണമെന്നും മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ് ആവശ്യപ്പെട്ടു.
English Summery
Allegation on corruption in Malappuram municipality
إرسال تعليق