ജില്ലയിലെ ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്റ് സംവിധാനം കാര്യക്ഷമമാക്കും


മലപ്പുറം: ഫൈബര്‍ ടു ഹോം പദ്ധതിയിലൂടെ ജില്ലയിലെ ബി എസ് എന്‍ എല്‍ ബ്രോഡ്ബാന്റ് സംവിധാനം കാര്യക്ഷമമാക്കുമെന്ന് മലപ്പുറം എസ് എസ് എ ജനറല്‍ മാനേജര്‍ എഴില്‍ ബുദ്ധന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 100 ജിഗാ ബൈറ്റ് വേഗത പ്രതീക്ഷിക്കുന്ന പുതിയ ഇന്റര്‍നെറ്റ് സംവിധാനം ആദ്യം ജില്ലയിലെ പ്രമുഖ ടൗണുകളില്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശം. മൊബൈല്‍ കണക്ഷന്‍, ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം കൂട്ടലാണ് പ്രധാന ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം പേര്‍ക്ക് മൊബൈല്‍ കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു. 5000 ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍, 30,000 ബ്രോഡ്ബാന്‍ഡ് കണക്ഷന്‍, 1000 വൈമാക്‌സ് കണക്ഷന്‍ എന്നിവയും ലക്ഷ്യത്തില്‍പെടും. ഇതിന് പുറമേ 20 ബ്രോഡ്ബാന്‍ഡ് കിയോസ്‌കും ലക്ഷ്യത്തിലുണ്ട്. ത്രി ജിയുടെ 100 മൊബൈല്‍ ടവറും ടു ജിയുടെ 125 ടവറും സ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ നോളജ് നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കും. വളാഞ്ചേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പുതിയ കെട്ടിടത്തിലേക്കു മാറ്റും. അരീക്കോട് ഇരുവേറ്റിയിലേയും തിരൂര്‍ ബി പി അങ്ങാടിയിലേയും എക്‌സ്‌ചേഞ്ചുകള്‍ കൂടുതല്‍ നവീകരിക്കും. 100 കിലോമീറ്റര്‍ പരിധിയില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ റൂട്ടുമുണ്ടാകും. ജില്ലയിലാകെ 8.5 ലക്ഷം ബി എസ് എന്‍ എല്‍ ഉപഭോക്താക്കളാണുള്ളത്. ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ 267518 പേരുണ്ട്. 32457പേര്‍ക്കാണ് വയര്‍ലസ് ഫോണ്‍ അനുവദിച്ചിട്ടുള്ളത്. 26164 പേര്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നുണ്ട്. 508578 പേര്‍ പ്രീ പെയ്ഡ് മൊബൈല്‍ വരിക്കാരും 8937 പേര്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാരുമാണ്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബില്‍ അടക്കുകയാണെങ്കില്‍ ഒരു ശതമാനം ഡിസ്‌ക്കൗണ്ടും അനുവദിക്കും. പുതിയ വിവരങ്ങള്‍, ബില്‍ വിവരം, ബുക്കിംഗ് സ്റ്റാറ്റസ്, കസ്റ്റമര്‍ കെയര്‍ സഹായം എന്നിവക്കും പരാതി ബുക്ക് ചെയ്യാനും ഇനി മുതല്‍ 1500 എന്ന നമ്പറിലേക്കും വിളിക്കാം. പരാതി നല്‍കിയിട്ടും ഒന്നും പരിഹരിക്കുന്നില്ലെങ്കില്‍ ജനറല്‍ മാനേജറുടെ ഓഫീസില്‍ വിളിച്ചും പരാതി നല്‍കാം. 12728, 2731266 എന്നീ നമ്പറുകളിലൊന്നിലാണു വിളിക്കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) വിനായകസുന്ദരം, ഡി ജി എം കെകെ അബൂബക്കര്‍ പങ്കെടുത്തു.

English Summery
Will make BSNL broadband connection more efficient

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post