ചികിത്സയെന്ന മാറാരോഗം- ഭാഗം 1

രോഗങ്ങളും ചികിത്സയും മനുഷ്യന്റെ സകലസമാധാനവും കെടുത്തുന്നു. കഷ്ടപ്പെട്ടും കഷ്ടപ്പെടുത്തിയും പത്ത് കാശുണ്ടാക്കുന്നതു തന്നെ മരുന്നിനും ചികിത്സക്കും വേണ്ടിയായിരിക്കുന്നു. രണ്ടായിരത്തോടെ എല്ലാവര്‍ക്കും രോഗം എന്നായിരുന്നോ നമ്മുടെ മുദ്രാവാക്യം എന്ന് സംശയിക്കുമാറ്
രോഗികളല്ലാത്തവരുടെ എണ്ണം ചുരുങ്ങിയിരിക്കുന്നു. പണ്ടും രോഗങ്ങളുണ്ടായിരുന്നെങ്കിലും ചികിത്സതന്നെ ഒരു മഹാരോഗമായിരുന്നില്ല. പത്രത്താളുകള്‍ ജനവികാരത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ വേണ്ടി മരുന്നുവിലയെക്കുറിച്ചും ചികിത്സാകൊള്ളയെക്കുറിച്ചും കരഞ്ഞു തീര്‍ക്കുന്നു. ജനങ്ങള്‍ നീലച്ചിത്രം കാണുന്നവന്റെ മനസ്സോടെ വായിച്ചു മൂര്‍ച്ഛകൊള്ളുന്നു. പരിഹാരങ്ങള്‍ മാത്രം എങ്ങുമില്ല, അതത്ര എളുപ്പവുമല്ല. സാംസ്‌കാരിക വളര്‍ച്ചയും സാംസ്‌കാരിക വരള്‍ച്ചയും ഇതിനോടൊപ്പം കൂട്ടിവായിക്കാതെ വൈദ്യശാഖയ്ക്കുമാത്രമായി ഒരുകാലത്തും വേറിട്ട ഒരസ്ഥിത്വം ഉണ്ടായിരുന്നിട്ടില്ല. ഏകദേശം മനുഷ്യരോളം തന്നെ പഴക്കമുണ്ട് രോഗങ്ങള്‍ക്കും ചികിത്സകള്‍ക്കും എന്ന് ഊഹിക്കലാണ് സാമാന്യയുക്തി. ആദിമ മനുഷ്യര്‍ ഭൂമിയിലെ ജീവിതത്തിനിടയില്‍ അനുഭവിച്ചുവന്ന പലതരം ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ഉള്‍വിളിയില്‍ നിന്നും സ്വന്തം അനുഭവത്തില്‍ നിന്നും ലഭ്യമായ പരിഹാരങ്ങളുടെ വ്യത്യസ്ഥ മാഹാരങ്ങളായിരിക്കാം മറ്റെല്ലാ സംസ്‌കൃതികളേയുംപോലെ വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങളും. ഇതില്‍ ഉള്‍വിളി എന്നതിനെമനുഷ്യന്റെയും ഭൂമിയുടേയും സൃഷ്ടാവ് നല്‍കിവന്ന അവശ്യബോധനങ്ങള്‍ എന്ന് ദൈവിവിശ്വാസികള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. കാരണം പലപ്പോഴും പട്ടി, പൂച്ച, എലി, സിഹം തുടങ്ങി പല ജന്തുക്കളും ചില പ്രത്യേക ഇലകളും പുല്ലുകളും തിരഞ്ഞുപിടിച്ചു തിന്നുന്നത് കാണാം. സസ്യാഹാരിയായ മുയലടക്കം പല ജീവികളും ഗര്‍ഭകാലത്ത് ആവശ്യത്തിന് പ്രോട്ടീനടങ്ങിയ ഭക്ഷണം കിട്ടാതെ വന്നാല്‍ പ്രസവാനന്തരം സ്വന്തം കുട്ടികളില്‍ ഒന്നോ രണ്ടോ എണ്ണത്തെ പിടിച്ചുതിന്നുന്നത് കാണാം. വന്യമൃഗങ്ങള്‍ക്ക് ഇത്രയും ബോധനം നല്‍കുന്ന ദൈവം വിവേചനശേഷിയും ബുദ്ധിയും വേണ്ടുവോളം നല്‍കി ഭൂമിയുടെ ഉടമകളും നേതാക്കളും ആകാവുന്ന വിധം സൃഷ്ടിച്ച മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അലംഭാവം കാണിക്കില്ലല്ലോ.
ഓരോ പ്രദേശത്തും എത്തിപ്പെട്ട നരവര്‍ഗ്ഗസന്തതികളെ മനനം ചെയ്യിച്ച് മനുഷ്യരാക്കുന്ന ധാര്‍മ്മിക ബോധനങ്ങളും ശാരീരിക പ്രശ്‌നങ്ങള്‍ക്ക് അതാതു പ്രദേശങ്ങളില്‍ ലഭ്യമായ ഭൈഷജ്യാദി മുറകളും കാലാകാലങ്ങളില്‍ ദൈവം നല്‍കിവന്നിട്ടുണ്ടാകും. ഇതിനു പ്രകൃതിയേയും സൃഷ്ടിജാലങ്ങളേയും കുറിച്ചു പഠിക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാകുന്ന ദൈവിക യുക്തിഭദ്രതയും നീതിബോധവും സാക്ഷ്യം വഹിക്കുന്നു. ഇതില്‍ ദൈവദത്തമായവ പൂര്‍ണ്ണഫലദായകവും നിര്‍ദ്ദോഷവുമായവയാണ്. പക്ഷെ ഇവയില്‍ ഭൂരിഭാഗവും മനുഷ്യന്റെ കൈകടത്തലുകള്‍ക്കും സ്വാര്‍ത്ഥതകള്‍ക്കും വിധേയമായി കളങ്കപ്പെട്ടു. അനുഭവത്തില്‍ നിന്നും പരീക്ഷണങ്ങളാലും ലഭ്യമാക്കിയ ചികിത്സകളെ ആഴത്തില്‍ പഠിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ കാണുന്ന പല ഗുണങ്ങളും പരോക്ഷമായി പലദോഷങ്ങളും പേറുന്നതായി കാണുന്നു.
ഒരുരോഗത്തിന്റെ ചികിത്സ ചിലപ്പോള്‍ സങ്കീര്‍ണ്ണമായ മറ്റൊരു രോഗത്തെ നാം അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ചേക്കാം. ഇത് തിരിച്ചറിയുന്നത് ഒരുപാടുപേരുടെ ജീവനോ ജീവിതമോ ബലിയാടാക്കിയ ശേഷമായിരിക്കാം. പക്ഷെ ഇങ്ങനെയൊക്കെയാണങ്കിലും മനുഷ്യരാല്‍ കണ്ടെത്തിയ ികിത്സാസമ്പ്രദായങ്ങളെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞുകൂടാ, അതിന്റെ സംഭാവനകളെ ചെറുതായി കാണുകയുമരുത്. അതിന്റെ പോരായ്മകളെ മനുഷ്യന്റെ പരിമിതിയായി ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അതിന്റെ മേന്മകളെ മനുഷ്യന്റെ വിജയമായും. മൈക്രോസ്‌കോപ്പിന്റെ കണ്ടുപിടുത്തത്തോടെ രോഗാണുക്കളെ കണ്ടുപിടിച്ചത് ആധുനിക(അലോപ്പതി) ചികിത്സാ രംഗത്ത് വന്‍കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കി. അതുവരെയുണ്ടായിരുന്ന പല ധാരണകളേയും അത് തിരുത്തി. പക്ഷെ രോഗങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കലിന്റേയും മാറിക്കൊണ്ടിരിക്കലിന്റെയും തുടര്‍ച്ചയും വേഗതയും അന്നുമുതല്‍ കൂടി എന്നൊരു സത്യം നാം മറന്നുകൂടാ.
ഇന്നു നാം എത്തിനില്‍ക്കുന്നതോ? ആധുനിക ചികിത്സയുടെ കുതിച്ചുചാട്ടത്തിനു മുമ്പ് വിരളമായി കേട്ടിരുന്നതും കേട്ടിട്ടേ ഇല്ലായിരുന്നതുമായ സങ്കീര്‍ണ്ണരോഗങ്ങളുടേയും അതിന്റെയൊക്കെ സ്‌പെഷ്യലിസ്റ്റുകളുടെയും സ്‌പെഷ്യാലിറ്റി ആശുപത്രികളുടേയും പടക്കളത്തിനു നടുവിലും!
രോഗങ്ങളും ചികിത്സകരും പലതരം പേരുമാറ്റങ്ങളോടെയും വേഷ-രൂപ മാറ്റങ്ങളോടെയും ഒട്ടും വിട്ടുകൊടുക്കാതെ പൊതുജനത്തിന്റെ തലയിലും മാറത്തും കയറി നിന്ന് പരസ്പരം പടവെട്ടിക്കൊണ്ടേയിരിക്കുന്നു.

ഒരുരോഗത്തിന് അതിന്റെ കാരണക്കാരായ രോഗാണുക്കളെ നേരിട്ട് നിഗ്രഹിക്കുക, ശരീരധാതുക്കളുടെ ഏറ്റക്കുറച്ചിലുകള്‍ കണ്ടാല്‍ അത് റീബാലന്‍സ് ചെയ്യുക തുടങ്ങിയവയാണ് അലോപ്പതി ചികിത്സാരീതി. ഇതില്‍ രോഗിക്ക് രോഗശമനം ഉടനടി തന്നെ ലഭ്യമായിത്തുടങ്ങുന്നു എന്നത് ഇതിന്റെ പ്രചുരപ്രചാരണത്തിന് കാരണമായി. എങ്കിലും ഒരു പൂര്‍ണ്ണ മനുഷ്യന്‍ എന്നതിനെഅവഗണിച്ച് ഒരു പ്രത്യേക അവയവത്തിന് ഒരു പ്രത്യേക രോഗമായി പരിഗണിച്ചുള്ള ചികിത്സ സത്വര ശാന്തിയുണ്ടാക്കുമ്പോള്‍ നാം അറിഞ്ഞോ അറിയാതെയോ അവഗണിക്കു
ഒരു വശമുണ്ട്. നാം ഈ ചികിത്സയിലൂടെ നേടിയത് ഈ രോഗിക്ക് രോഗം തുടങ്ങുന്നതിന്റെ തൊട്ടു തലേനാളത്തെ അവസ്ഥയാണ്. അതായത് ഭനാളെ' ഇതേ രോഗമോ വകഭേദങ്ങളോ ഇദ്ദേഹത്തിന് വീണ്ടും വന്നേക്കാം. അദ്ദേഹത്തെ രോഗിയാക്കിയ രോഗാണുക്കള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിലെ ധാതുലവണങ്ങളുടെ നിലവിലെ ഇംബാലന്‍സേനാംപരിഹരിച്ചിട്ടുള്ളൂ.അങ്ങനെയൊരു ഇംബാലന്‍സ് വരാനുള്ള കാരണം ഇപ്പോഴും നിലനില്‍ക്കുന്നു. ഉദാഹരണത്തിന് ഒരാളുടെ ശരീരത്തില്‍ ആകമാനം നീരുവന്നു. പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കിഡ്‌നി പൂര്‍ണ്ണമായും മറ്റേത് ഭാഗികമായും നശിച്ചിരിക്കുന്നു. പെട്ടെന്ന് തന്നെ കിഡ്‌നി മാറ്റിവെക്കല്‍ നടത്തി രക്ഷപ്പെടുത്തി. പക്ഷെ, അയാളുടെ രണ്ടാമത്തെ കിഡ്‌നി കേടാകുന്നതിന്റെ തലേന്നത്തെ അവസ്ഥയിലാണ് പരമാവധി അയാള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. പുതിയ കിഡ്‌നിക്ക് അതേ അവസ്ഥ വന്നുകൂടായ്കയില്ല. അയാളുടെ കിഡ്‌നികള്‍ നശിക്കാനിടയായ അടിസ്ഥാനകാരണങ്ങളില്‍ മാറ്റം വരാതെ അയാള്‍ താല്‍ക്കാലിക രക്ഷമാത്രമേ നേടുന്നുള്ളൂ. സമഗ്രചികിത്സാ സമ്പ്രദായങ്ങളുടേയും അവയുടെ തനിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെയും പ്രസക്തി ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത്.വന്ന രോഗത്തിന് മാത്രം ചികിത്സിക്കുന്നതിനു പകരം വ്യക്തിക്കും സമൂഹത്തിനും രോഗം വരാതെ നോക്കാനുള്ള ജീവനപദ്ധതികളിലാണ് സമഗ്രചികിത്സാരീതികളുടെ മര്‍മ്മം കുടികൊള്ളുന്നത്.
                                                            തുടര്‍ന്ന് വായിക്കുക.......


Dr. Rasheed Husain

ഡോ: റഷീദ് ഹുസൈന്‍. ടി.
MBBS, MD
(കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും
MD(OM) കഴിഞ്ഞ ലേഖകന്‍
ഓര്‍ത്തോമോളിക്യുലാര്‍ മെഡിസിനില്‍
പി.എച്ച്.ഡി ചെയ്തുവരുന്നു)





Also read:
ചികിത്സയെന്ന മാറാരോഗം- ഭാഗം 2
ചികിത്സയെന്ന മാറാരോഗം- ഭാഗം 3

1 Comments

Post a Comment

Previous Post Next Post