തിരൂര്‍ കോടതി സമുച്ചയത്തിന്റെ ഉദ്ഘാനം വ്യാഴാഴ്ച

തിരൂര്‍: മുനിസിപ്പാലിറ്റിയില്‍ ആധുനിക സജ്ജീകരണങ്ങോളോടുകൂടി നിര്‍മ്മിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (മെയ് 17) വൈകീട്ട് 3 ന് കോടതി പരിസരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷത വഹിക്കും. എം.എ.സി.റ്റി കോടതിയുടെ താക്കോല്‍ദാനം പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും ജൂഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ താക്കോല്‍ദാനം പട്ടികജാതി-പിന്നാക്ക വികസന ടൂറിസം മന്ത്രി എ.പി.അനില്‍കുമാറും നിര്‍വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ. മാരായ സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, മുന്‍ എം.എല്‍.എ. പി.പി.അബ്ദുള്ളക്കുട്ടി, കൗണ്‍സിലര്‍ കെ.കെ.അബ്ദുള്‍സലാം എന്നിവര്‍ ആശംസ നേരും. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചീനിയര്‍ പി.കെ.സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ ജഡ്ജി വി.ഷെര്‍സി സ്വാഗതവും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം.കെ.മൂസാക്കുട്ടി നന്ദിയും പറയും.
190 ലക്ഷം രൂപ ചെലവഴിച്ചാണ് കോടതി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ എം.എ.സി.റ്റി കോടതിയും ജൂഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് കോടതിയും ഒന്നാം നിലയില്‍ ഇവയുടെ ഓഫീസും അനുബന്ധ സൗകര്യങ്ങളും എ.പി.പി യുടെ ഓഫീസും പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയും അനുബന്ധ ഓഫീസ് സൗകര്യങ്ങളും എ.ജി.പിയുടെ ഓഫീസുമാണ് പ്രവര്‍ത്തിക്കുക. കെട്ടിടത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 2046 ച.മീറ്റര്‍.

Keywords:Court, Inauguration, Malappuram, Tirur, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post