ടെക്‌നിക്കല്‍ കോഴ്‌സുകള്‍ മഅ്ദിനില്‍ ആരംഭിക്കുന്നു

മലപ്പുറം: അന്താരാഷ്ട്ര നിലവാരമുള്ളതും പ്രശസ്ത യൂനിവേഴ്‌സിറ്റികളുടെ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ ഉള്‍കൊള്ളുന്നതുമായ പ്രത്യേക ക്യാമ്പസ് ടെക്‌നോറിയം മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയില്‍ ആരംഭിക്കുന്നു. സ്ഥാപനത്തിന്റെ ശിലാസ്ഥാപനം ഈമാസം അഞ്ചിന് വൈകുന്നേരം മൂന്നിന് പത്മശ്രീ എം.എ യൂസുഫലി നിര്‍വഹിക്കും. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് നിലവാരമുളള വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രത്യേക ക്യാമ്പസായിരിക്കും ടെക്‌നോറിയമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഅ്ദിന്‍ എജ്യുപാര്‍ക്കിലെ നൂറ് ഏക്കറിലധികം വരുന്ന സ്ഥലത്താണ് ക്യാമ്പസ് പണികഴിപ്പിക്കുക. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിലധിഷ്ഠിത പഠനത്തിന് പ്രാമുഖ്യം നല്‍കി ഉന്നത ഗവേഷണത്തിന് അവസരമൊരുക്കി കൊണ്ടുളള്ള കോഴ്‌സുകളായിരിക്കും ഇവിടെയുണ്ടാവുക. അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളുടെ ടെക്‌നിക്കല്‍-എന്‍ജിനീയറിംഗ് പഠന സൗകര്യങ്ങള്‍, ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്റര്‍, കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍ജിനീയറിംഗ് കോളജ് എന്നിവയായിരിക്കും ആദ്യഘട്ടത്തില്‍ ആരംഭിക്കുക. ഐ.ടി രംഗത്തെ ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള സംവിധാനവും ഏര്‍പ്പെടുത്തും.
ആസ്‌ത്രേലിയയിലെ യൂനിവേഴ്‌സിറ്റി ഓഫ് സതേണ്‍ ക്യൂന്‍സ്‌ലാന്റ്, മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നിവയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. മഅ്ദിനില്‍ ഇതിനകം ആരംഭിച്ച് സ്പാനിഷ് അക്കാദമിയുടെ ഉദ്ഘാടനം സ്‌പൈന്‍ ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെര്‍വാന്‍തസ് കള്‍ച്ചറല്‍ മാനേജര്‍ ഖൈസൂസ് ക്ലാവെറോ റൊദ്രിഗസ് ചടങ്ങില്‍ നിര്‍വഹിക്കും. മഅ്ദിന്‍ അക്കാദമി പുറത്തിറക്കുന്ന ദൈ്വമാസ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ടൈം ലൈന്‍ പ്രകാശനം, വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വിതരണം, ടെക്‌നോറിയം പദ്ധതി സമര്‍പ്പണം എന്നിവയും ചടങ്ങില്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പരി മുഹമ്മദ്, ടി രായിന്‍കുട്ടി ഹാജി, പി സുബൈര്‍ എന്നിവരും പങ്കെടുത്തു. .

Keywords: Ma'din, Malappuram, Education, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post