അണ്ണാനുകള്‍ക്ക് വംശനാശ ഭീഷണി

നിലമ്പൂര്‍: കേരളത്തിലെ വനങ്ങളില്‍ കണ്ടുവരുന്ന അണ്ണാനുകള്‍ വംശനാശ ഭീഷണി നേരിടുന്നു. അണ്ണാന്‍ വര്‍ഗത്തിലെ പ്രധാന ഇനങ്ങളായ മൂക്കന്‍ അണ്ണാന്‍, ചാമ്പല്‍ മലയണ്ണാന്‍ എന്നിവയാണ് വംശനാശ ഭീഷണി നേരിടുന്നത്. എലി അണ്ണാന്‍ എന്ന പേരിലും മൂക്കന്‍ അണ്ണാന്‍ അറിയപ്പെടാറുണ്ട്. സാധാരണ അണ്ണാനേക്കാള്‍ ചെറുതും ഇരുണ്ട തവിട്ട് നിറവും മുതുകില്‍ നാല് കറുപ്പ് വരകളും അവയോട് ചേര്‍ന്ന് മൂന്ന് മങ്ങിയ വരകളും അല്‍പ്പം നീണ്ട മൂക്കുമാണ് ഇവയുടെ ശരീര പ്രത്യേകത. ചെറു ചെടികളുടെ കായ്കള്‍, പഴങ്ങള്‍, പൂക്കളിലെ തേന്‍, ചില മരങ്ങളുടെ തൊലികള്‍ എന്നിവയാണ് മൂക്കന്‍ അണ്ണാന്റെ പ്രധാന ഭക്ഷണങ്ങള്‍. ഇവയെക്കുറിച്ച് കേരള വന്യജീവി വിഭാഗം പ്രത്യേകമായി പഠനം നടത്തിയിരുന്നെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇരവികുളം, നെല്ലിയാമ്പതി, തേക്കടി, ഗവ്വി എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഇവ കാണപ്പെടുന്നത്. കൂടാതെ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലും ഇവ കണ്ടുവന്നിരുന്നു.
അണ്ണാന്‍ വര്‍ഗത്തിലെ മറ്റൊരു വിഭാഗത്തില്‍പ്പെട്ട ചാമ്പല്‍ മലയണ്ണാനും നാശത്തിന്റെ വക്കിലാണ്. ചാര അണ്ണാന്‍ എന്നറിയപ്പെടുന്ന ചാമ്പല്‍ മലയണ്ണാന്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് കാണപ്പെടുന്നത്. സാധാരണ വലിയ മലയണ്ണാനേക്കാള്‍ ചെറുതാണ് ചാമ്പല്‍ മലയണ്ണാന്‍. കാട്ടുമാവിന്‍ പഴം, പുളി, ആലിന്‍പഴം, ചെറുകായ്കള്‍, നെല്ലിക്ക, ചെറുകീടങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. തമിഴ്‌നാട്ടിലെ പുത്തൂര്‍ വന്യജീവി സങ്കേതം ചാമ്പല്‍ മലയണ്ണാന്റെ പേരിലാണ് അറിയപ്പെടുന്നത്. കൂടാതെ മുതുമലയിലെ മലയോര കാടുകളിലും തേനിയിലും ഇവ കാണപ്പെടുന്നുണ്ട്. കേരളാ വന്യജീവി സംരക്ഷണത്തിന്റെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയെ സംരക്ഷിക്കാനുള്ള നടപടികളൊന്നും വന്യജീവി വിഭാഗം കൈക്കൊണ്ടിട്ടില്ല. കേരളത്തില്‍ കാടുകളിലെ പാതയോരങ്ങളില്‍ ഉണ്ടായിരുന്ന മരങ്ങള്‍ ഇല്ലാതായതാണ് ഇവയുടെ ജീവന് നേരിടുന്ന പ്രധാന വെല്ലുവിളി.
ഉള്‍ക്കാടുകളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത ഈ അണ്ണാന്‍ വര്‍ഗങ്ങള്‍ ചെറുകാടുകളിലാണ് ജീവിക്കുന്നത്. ചെറുകാടുകളില്‍ അണ്ണാനുകള്‍ ഭക്ഷിച്ചിരുന്ന അപൂര്‍വയിനം സസ്യജാലങ്ങള്‍ ഇല്ലാതായതും കാടുകളിലെ കാട്ടരുവികള്‍ വറ്റിവരണ്ടതും കാലാവസ്ഥാ വ്യതിയാനവും ഇവയുടെ വംശനാശനത്തിന് ആക്കം കൂട്ടുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇവയുടെ പേരില്‍ പ്രത്യേക സംരക്ഷണ മേഖലയുള്ളപ്പോള്‍ കേരളത്തില്‍ ഇവക്കുവേണ്ടി സംരക്ഷണ വന്യജീവി സങ്കേതങ്ങളുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post