മൂത്തേടത്ത് സി.പി.എമ്മുമായി ചേര്‍ന്ന് ലീഗ് ഭരണത്തിനില്ല -പി.വി. വഹാബ്

നിലമ്പൂര്‍:മുസ്‌ലിംലീഗ് സി.പി.എമ്മുമായി ചേര്‍ന്ന് അവിശ്വാസത്തിലൂടെ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കിയ മൂത്തേടം ഗ്രാമപ്പഞ്ചായത്തില്‍ സി.പി.എമ്മുമായി ചേര്‍ന്ന് ലീഗ് ഭരണത്തിനില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലമ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ പി.വി. അബ്ദുള്‍വഹാബ് പറഞ്ഞു. നിലമ്പൂര്‍ പ്രസ്‌ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂത്തേടത്ത് സംഭവിച്ചത് തികച്ചും പ്രാദേശികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളാണ്. യു.ഡി.എഫ് സംവിധാനത്തെ അത് ബാധിക്കില്ല. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് പരമാവധി പിന്‍മാറാന്‍ അണികളില്‍ സമ്മര്‍ദം നടത്തിയിരുന്നു. സമീപ പഞ്ചായത്തുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
നഗരസഭയില്‍ ലീഗിന് കോണ്‍ഗ്രസ്സുമായുള്ള അഭിപ്രായഭിന്നതയ്ക്ക് ഉടന്‍ പരിഹാരം കാണും. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നതും പ്രതികളാകുന്നതും സി.പി.എമ്മാണെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. ലീഗ് ഭരണത്തില്‍ വന്നതുമുതലാണ് മലബാറില്‍ വികസനമെത്തിയതെന്നും ലീഗില്‍ കുഞ്ഞാലിക്കുട്ടിക്ക് തുല്യനാണ് കോണ്‍ഗ്രസ്സില്‍ ആര്യാടന്‍ മുഹമ്മദെന്നും വഹാബ് പറഞ്ഞു.
മൂത്തേടത്ത് ലീഗ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത് ജില്ലാ നേതൃത്വമായതിനാല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതും ജില്ലാ കമ്മിറ്റിയാണെന്ന് ഒരു ചോദ്യത്തിനുത്തരമായി വഹാബ് പറഞ്ഞു. ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് ലാല്‍ ജോസഫ് അധ്യക്ഷത വഹിച്ചു.

Keywords: IUML, Nilambur, P.V Abdul Vahab, Malappuram, Politics, Congress, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم