ഗവ.ആശുപത്രിയുടെ സ്ഥലം കയ്യേറിയതായി ആരോപണം: തെളിയിച്ചാല്‍ രാജി വെയ്ക്കാമെന്ന് മെമ്പര്‍

അരീക്കോട് : ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍പ്പെട്ട പുവ്വത്തിക്കല്‍ ഗവ.ആശുപത്രിയുടെ ഭൂമി മുസ്‌ലിം ലീഗിന്റെ വാര്‍ഡ് മെമ്പര്‍ കയ്യേറിയതായി സി പി എം ആരോപണം. രണ്ട് ഘട്ടങ്ങളിലായി ആശുപത്രിക്ക് വേണ്ടി ഏറ്റെടുത്ത ഒരേക്ര സ്ഥലമുണ്ടെന്നും ഇതില്‍ നിന്നാണ് പത്ത് സെന്റോളം വരുന്ന ഭൂമി വാര്‍ഡ് മെമ്പറുടെ തറവാടു വീട്ടിലേക്ക് റോടുണ്ടാക്കാന്‍ കയ്യേറിയിരിക്കുന്നതെന്നും ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് സി പി എം ലോക്കല്‍കമ്മിറ്റി ആവശ്യപ്പെടുന്നത്. സി പി എം ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ആശുപത്രിയുടെ ഒരിഞ്ച് ഭൂമി പോലും ആരും കയ്യേറിയിട്ടില്ലെന്നും ആശുപത്രിയുടെ ഭൂമി കയ്യേറി എന്നു തെളിയിക്കുന്ന പക്ഷം പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജി വെയ്ക്കാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ പ്രതിപക്ഷമെമ്പര്‍മാര്‍ രാജി വെയ്ക്കാന്‍ തയ്യാറുണ്ടോ എന്നും ആരോപണവിധേയനായ വാര്‍ഡ് മെമ്പര്‍ സി ടി അബ്ദുറഹ്മാന്‍ വെല്ലു വിളിച്ചു. സ്ഥലം അളന്നു തിട്ടപ്പെടുത്താനായി സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടസ്സപ്പെടുത്തി തിരിച്ചയച്ച സി പി എമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രാമപഞ്ചായത്തിന്റെ 2011-12 വര്‍ഷത്തെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രിയുടെ ചുറ്റുമതില്‍ അറ്റകുറ്റപണി നടക്കുന്നതിനിടെ നിലവിലുള്ള ചുറ്റുമതില്‍ പൊളിച്ച് വഴിക്കുള്ള സ്ഥലം ഒഴിവാക്കി മതില്‍ കെട്ടിയതാണ് ആരോപണത്തിന്റെ അടിസ്ഥാനം. വഴിസ്ഥലം ഒഴിവാക്കി മതില്‍ കെട്ടിയതില്‍ പഞ്ചായത്തിന് യാതൊരു പങ്കുമില്ലെന്നും ഇത്തരത്തില്‍ മതില്‍ കെട്ടാന്‍ പഞ്ചായത്ത് ആര്‍ക്കും വര്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും രേഖ പ്രകാരം സര്‍ക്കാരിനുള്ള ഭൂമി റവന്യൂ അധികൃതര്‍ അളന്നു തിട്ടപ്പെടുത്തണമെന്നാണ് പഞ്ചായത്ത് ബോര്‍ഡിന്റെ നിലപാടെന്നും ആയതിന് പഞ്ചായത്ത് ബോര്‍ഡ് തീരുമാനം എടുത്തിട്ടുള്ളതാണെന്നുമാണ് ഭരണസമിതി യുടെ വിശദീകരണം.

English Summery
Land scam in Areekode

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم