ഫെയ്‌സ് ബുക്കിലെ 70 ശതമാനം വിവരങ്ങളും വ്യാജം; പോലീസ് നടപടിക്കൊരുങ്ങുന്നു

മലപ്പുറം: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടിക്കൊരുങ്ങുന്നത്. ഏറെ പ്രചാരത്തിലുള്ള ഫെയ്‌സ്ബുക്കില്‍ തന്നെ സ്ത്രീകളുടെ വിവരങ്ങളില്‍ 70 ശതമാനവും തെറ്റാണെന്നാണ് സൈബര്‍ സെല്ലിന്റെ വിലയിരുത്തല്‍. ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനവും ഗള്‍ഫ് മലയാളികളാണ്. ഇവരെ പല രീതിയിലും ചൂഷണം ചെയ്യുന്നതടക്കമുള്ള പദ്ധതികളുമായി ഇറങ്ങിത്തിരിച്ച സംഘങ്ങള്‍ വരെയുണ്ട്. പെണ്‍ക്കുട്ടികളുടെ പേരില്‍ നല്‍കുന്ന ഫോണ്‍ നമ്പറുകളില്‍ മിക്കതും വേശ്യകളുടെയും മറ്റുരീതിയില്‍ ചൂഷണം നടത്തുന്നവരുടെതുമാണ്. നേരത്തെ സമാനമായ രീതില്‍ യാഹുവിലും തെറ്റായ വിവരങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തിയിരുന്നു. ഇത് ഇപ്പോള്‍ ഫെയ്‌സ് ബുക്കിലേക്ക് കൂടുമാറിയിരിക്കുകയാണെന്ന് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ വിനയകുമാര്‍ പറയുന്നു. 'കേരള ഹോട്ട് മല്ലൂസ്' എന്ന പേരില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു ഗ്രൂപ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഇതില്‍ രണ്ടായിരത്തോളം അംഗങ്ങളുണ്ട്. 'ലോക മലയാളി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വാഗതം, സ്വയം ആസ്വദിക്കുക.' എന്നാണ് ഗ്രൂപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ഡസനിലധികം ഗ്രൂപ്പുകളാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. പല ഗ്രൂപ്പുകളും വേശ്യകളുടെയും ഏജന്റുമാരുടെയും ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി സെക്‌സ് ഏജന്റുമാര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അവരുടെ 'ബിസിനസ്' വളര്‍ത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ സൈബര്‍ കഫേകളാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തന കേന്ദ്രം. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നതിനാല്‍ ഇവരെ എളുപ്പത്തില്‍ പിടികൂടാനാകില്ല. എന്നാല്‍ ഇത് സൈബര്‍ സെല്‍ ഗൗരവമായാണ് കാണുന്നതെന്നും ആവശ്യമെങ്കില്‍ വിപുലമായ ഒരു അന്വേഷണം തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതിന് ശേഷം കേസ് പോലീസിന് കൈമാറുമെന്നും വിനയകുമാര്‍ പറഞ്ഞു.

English Summery
70% fake profile in Face Book

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post