കടലാക്രമണ - വെള്ളപ്പൊക്ക പ്രതിരോധം: 55 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും

മലപ്പുറം: കടലാക്രമണ പ്രതിരോധം, ഉള്‍നാടന്‍ ജലഗതാഗതം, വെള്ളപ്പൊക്ക നിയന്ത്രണ-പ്രതിരോധം എന്നിവയ്ക്കായി 2012-13 ല്‍ ജില്ലയില്‍ 55 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ജലസേചന വിഭാഗം എക്‌സി.എഞ്ചിനീയര്‍ എന്‍.സുകുമാരന്‍ അറിയിച്ചു.
കടലാക്രമണ പ്രതിരോധ പ്രവൃത്തിയിലുള്‍പ്പെടുത്തി പൊന്നാനി മണ്ഡലത്തില്‍ പാലപ്പെട്ടിയില്‍ 500 മീറ്റര്‍ നീളത്തില്‍ കടല്‍ ഭിത്തി നിര്‍മാണം 211 ലക്ഷം രൂപ ചെലവില്‍ നടത്തും. പതിമൂന്നാം ധനകാര്യകമ്മീഷനിലുള്‍പ്പെടുത്തി പരപ്പനങ്ങാടി പഞ്ചായത്തില്‍ മുറിതോടില്‍ 225 മീറ്റര്‍ (95 ലക്ഷം), പരപ്പനങ്ങാടി പഞ്ചായത്തില്‍ ഒട്ടുമ്മല്‍ കടപ്പുറത്ത് 100 മീറ്റര്‍(39), വെട്ടം പഞ്ചായത്തില്‍ വേലാപുരം ബീച്ചില്‍ 450 മീറ്റര്‍ (192), പെരുമ്പടപ്പ് പഞ്ചായത്തില്‍ പാലപ്പെട്ടിയില്‍ 125 മീറ്റര്‍ നീളത്തില്‍ കടല്‍ ഭിത്തി നിര്‍മ്മാണവും(57), വെളിയംകോട് പഞ്ചായത്തില്‍ 30 മീറ്റര്‍ (97) കടല്‍ഭിത്തി പുതുക്കി പണിയലും നടത്തും.
വെളിയംകോട്ടുള്ള ലോക്കും പാലവും പുതുക്കിപണിയല്‍(600) താനൂര്‍-കൂട്ടായി കനാല്‍ അഭിവൃദ്ധിപ്പെടുത്തല്‍ (1360), അണ്ടത്തോട് മുതല്‍ പൊന്നാനി വരെ പി.സി.കനാല്‍ മെച്ചപ്പെടുത്തല്‍ (1840), അണ്ടത്തോട് മുതല്‍ പൊന്നാനി വരെ പി.സി.കനാല്‍ പുനരുദ്ധാരണം എഴ് റീച്ചുകള്‍ (740),താനൂര്‍ പഞ്ചായത്തില്‍ അഞ്ചുടി നടപ്പാലത്തിന്റെ പുനര്‍ നിര്‍മാണം (21.60), താനൂര്‍ പഞ്ചായത്തില്‍ ചാപ്പടി നടപ്പാലത്തിന്റെ നിര്‍മാണം(22.40) എന്നിവയാണ് ഉള്‍നാടന്‍ ജലഗതാഗത പ്രവൃത്തികള്‍.
വെള്ളപ്പൊക്ക നിയന്ത്രണ-പ്രതിരോധ പ്രവൃത്തിയിലുള്‍പ്പെടുത്തി ചാലിയാര്‍ പഞ്ചായത്തില്‍ 66 മീറ്റര്‍ തീരസംരക്ഷണവും(15.50) ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ 282 മീറ്റര്‍ (116), ആനക്കയം പഞ്ചായത്തില്‍ 87 മീറ്റര്‍ (15), മലപ്പുറം നഗരസഭയില്‍ 120 മീറ്റര്‍(14), എടക്കര പഞ്ചായത്തില്‍ 18 മീറ്റര്‍(5), മക്കരപറമ്പ് പഞ്ചായത്തില്‍ 104 മീറ്റര്‍ (9), ഇരിമ്പിളിയം പഞ്ചായത്തില്‍ 32 മീറ്റര്‍(8) പുഴയുടെ കരകള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി ഏറ്റെടുത്ത് നടത്തും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 157.40 ലക്ഷം ചെലവില്‍ 1261 മീറ്റര്‍ നീളത്തില്‍ വിവിധ പഞ്ചായത്തുകളിലായി കടല്‍ ഭിത്തിയുടെ അറ്റക്കുറ്റപ്പണികള്‍ നടത്തിയിരുന്നു. 18 പഞ്ചായത്തുകളിലും മലപ്പുറം-പൊന്നാനി നഗരസഭകളിലുമായി വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തിയുടെ ഭാഗമായി 3011 മീറ്ററില്‍ 298.7 ലക്ഷം ചെലവില്‍ തീരസംരക്ഷണ പ്രവൃത്തികളും നടത്തി.
ഉള്‍നാടന്‍ ജലഗതാഗതത്തിനായി പൊന്നാനി മുതല്‍ ചേലേമ്പ്ര വരെ 67.05 കി.മീറ്റര്‍ നീളത്തിലുള്ള ജലപാതയുടെ സംരക്ഷണവും ജലപാതകള്‍ക്കിടയില്‍ പൊതുജനങ്ങള്‍ക്കായി ഫൂട്ട് ബ്രിഡ്ജും നിര്‍മിച്ചു വരുന്നതായും എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم