മനസുകള്‍ ഒന്നായാല്‍ രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ല: എം പി വീരേന്ദ്രകുമാര്‍

കൊണ്ടോട്ടി: മനസുകള്‍ ഒന്നായാല്‍ രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന് സോഷ്യലിസ്റ്റ് ജനത (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. കൊണ്ടോട്ടിയില്‍ കേരളയാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാന്തപുരം നയിക്കുന്ന കേരളയാത്ര കാലം ആവശ്യപ്പെട്ടതാണ്. തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് അനുവദിക്കണമെന്നത് കാന്തപുരത്തിന്റെ അജന്‍ഡയില്‍ പെട്ടതല്ല. മാനവികതയെ ഉണര്‍ത്തുക എന്ന ലക്ഷ്യമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഇത് വാക്കില്‍മാത്രമല്ല, പ്രവൃത്തിയിലും നമുക്കു കാണാവുന്നതാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമൂഹത്തിന് മുന്നില്‍ സമാധാന സന്ദേശമോതി കാന്തപുരം മുന്‍നിരയിലുണ്ടായിരുന്നു. ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിക്കാനും വിദേശ മതമെന്നു പറഞ്ഞു ഉന്മൂലനം നടത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
ബുദ്ധമതം ഏറെ പ്രചാരണത്തിലുള്ളത് ജപ്പാനിലും ചൈനയിലും ഇന്ത്യോനേഷ്യയിലുമാണ്. എന്നാല്‍ അന്നാട്ടുകാര്‍ വിദേശ മതമെന്ന് പറഞ്ഞ് ബുദ്ധമതത്തെ അടിച്ചോടിക്കുന്നില്ല. മതത്തിന് വിദേശമെന്നോ സ്വദേശമെന്നോ ഇല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم