പള്‍സ് പോളിയോ രണ്ടാം ഘട്ടം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം: ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 15 ന് നടക്കുന്ന പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെയുള്ള 4,05,400 കുട്ടികള്‍ക്കാണ് ഏപ്രില്‍ 15 ന് തുള്ളി മരുന്ന് നല്‍കുക. ഇതിനായി 3188 ബൂത്തുകളും 162 മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവ കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച 6376 വൊളന്റിയര്‍മാരുടേയും 374 സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തിലാണ് തുള്ളി മരുന്ന് വിതരണം ചെയ്യുക.
ഫെബ്രുവരി 19 ന് നടന്ന ഒന്നാംഘട്ട പള്‍സ് പോളിയോ പരിപാടിയില്‍ 3,78,824 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി ജില്ല മികച്ച ലക്ഷ്യം കൈവരിച്ചിരുന്നു. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ - സാമൂഹികക്ഷേമ വകുപ്പ്, മറ്റു വകുപ്പുകളിലെ ജീവനക്കാര്‍, സന്നദ്ധാ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടാണ് ഒന്നാം ഘട്ടത്തില്‍ വിജയം നേടാന്‍ കഴിഞ്ഞത്. രണ്ടാം ഘട്ടത്തിലും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post