സര്‍വകലാശാലയെ ലീഗ് കറവപ്പശുവാക്കുന്നു: സിപിഎം


മലപ്പുറം: കലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ കറവപ്പശുവാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 
യൂണിവേഴ്‌സിറ്റി ഭൂമി ഇഷ്ടക്കാരും സ്വന്തക്കാരുമായ ലീഗ് പ്രമാണിമാര്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ നടന്ന ശ്രമം അപലപനീയമാണ്. ഭൂമിദാനം വിവാദമായപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ല' എന്ന മട്ടില്‍ കൈകഴുകി രക്ഷപ്പെടാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. പൊതുമുതല്‍ കൊള്ളചെയ്ത് സ്വന്തമാക്കാന്‍ ശ്രമിച്ചവരെയും അതിന് കൂട്ടുനിന്നവരെയും പിടികൂടണം. വി സിയെയും സിന്‍ഡിക്കേറ്റിനെയും പുറത്താക്കണം. 
എവിടെ തൊട്ടാലും 'ലാഭം വേണം' എന്ന കച്ചവട മനഃസ്ഥിതി തന്നെയാണ് ലീഗിന്റെ പ്രത്യേകത. മൂന്നിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍ ഒരു കടലാസ് കമ്മിറ്റിയാണ്. അതിന്റെ ചെയര്‍മാന്‍ യൂണിയന്‍ ലീഗിന്റെ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ്. മറ്റ് രണ്ട് ട്രസ്റ്റുകളുടെയും തലപ്പത്ത് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും എം കെ മുനീറിന്റെയും അടുത്ത ബന്ധുക്കളാണ്. കോടികള്‍ വിലമതിക്കുന്ന ഭൂമി ഇവര്‍ക്ക് ദാനം നല്‍കാന്‍ തീരുമാനിച്ചത് ബന്ധുബലം കൊണ്ടുതന്നെ. 
വൈസ് ചാന്‍സലറായി അബ്ദുള്‍ സലാമിനെ അവരോധിച്ചത് ബോധപൂര്‍വമാണ്. ചുമതല ഏല്‍ക്കുംമുമ്പുതന്നെ പാണക്കാട്ടെത്തി അദ്ദേഹം പൂര്‍ണ വിധേയത്വം പ്രഖ്യാപിച്ചത് നാം കണ്ടതാണ്. സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്താനാണ് വി സി ശ്രമിച്ചത്. 
സംസ്ഥാന പ്രസിഡന്റിന്റെ 'തറവാട്ടുമഹിമയും' ആത്മീയ നേതൃസ്ഥാനവും ഉപയോഗപ്പെടുത്തി ലീഗിന് എന്തും നേടാമെന്ന അവസ്ഥയാണ്. ഏതുസാഹചര്യത്തിലും ലീഗിന് മുന്നില്‍ മുട്ടുമടക്കുന്ന നാണംകെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തിനുപോലും വിലയില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Keywords: IUML, CPM, Muslim League, UCT, Calicut University, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post