തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു

തിരൂരങ്ങാടി: ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. കോണ്‍ഗ്രസിലേക്ക് വന്ന സ്വതന്ത്ര അംഗം സി പി അന്‍വര്‍സാദത്ത് രാജി വെച്ചതിനെ തുടര്‍ന്നാണിവിടെ തിരഞ്ഞെടുപ്പ് ആവശ്യമായത്. മെയ് 12നാണ് തിരഞ്ഞെടുപ്പ്.
സ്വതന്ത്ര അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെ മുസ്‌ലിംലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഇവിടെ അന്‍വര്‍സാദത്തിനെ തന്നെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. എന്നാല്‍ മുസ്‌ലിംലീഗ് ഇതുവരെയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.തിരഞ്ഞെടുപ്പ് കാര്യത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നാളെ വൈകുന്നേരം ഏഴിന് ചേരുന്നുണ്ട്. അതേ സമയം ലീഗ്-കോണ്‍ഗ്രസ് ഭിന്നത ഒഴിവാക്കാന്‍ യു ഡി എഫ് ജില്ലാതലത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇരു പാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ ഇതിന് വഴങ്ങിയിട്ടില്ല.
യു ഡി എഫ് ആയി മത്സരിച്ച് വിജയിച്ച ശേഷം കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി യു ഡി എഫ് വിമത അംഗത്തെ വൈസ് പ്രസിഡന്റാക്കിയ മുസ്‌ലിംലീഗിന്റെ നടപടി കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ തന്നെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി അബ്ദുര്‍റബ്ബിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. എന്നാല്‍ യുഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമരം നടത്തിയ യൂത്ത്‌കോണ്‍ഗ്രസിന്റെ മാര്‍ച്ച് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത് ലീഗിനെയും ചൊടിപ്പിച്ചിരുന്നു.

Keywords: By-election, Election, Malappuram, Tirurangadi, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم