മലപ്പുറം: ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ക്ഷയരോഗ ദിനാചരണവും റാലിയും സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതിന് താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പരിപാടി എം എല്‍ എ പി ഉബൈദുല്ല ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും വിവിധ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഡി എം ഒ. ഡോ കെ സക്കീന പത്രസമ്മേളനത്തില്‍ അറിയിച്ചു. 'എന്റെ ആഗ്രഹം ക്ഷയരോഗ മരണമില്ലാത്ത ക്ഷയരോഗവിമുക്തമായ ലോകം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇന്ത്യയില്‍ ഓരോ വര്‍ഷവും 19.8 ലക്ഷം പുതിയ ക്ഷയരോഗ ബാധിതര്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയും രോഗപകര്‍ച്ചാ സാധ്യതയുള്ള കഫത്തില്‍ അണുക്കളുള്ള ശ്വാസകോശ ക്ഷയരോഗികളാണ്. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമയാണ് ശ്വാസകോശ ക്ഷയത്തിന്റെ പ്രധാന ലക്ഷണം. ഇതിന് പുറമെ രക്തം ചുമച്ച് തുപ്പുക, വൈകുന്നേരങ്ങളിലെ പനി, ശരീരം മെലിയുക, വിശപ്പില്ലായ്മ, ക്ഷീണം എന്നിവ അടക്കമുള്ള മറ്റ് ലക്ഷണങ്ങളും ക്ഷയരോഗത്തിനുണ്ടാകാം. പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയിലൂടെ അംഗീകൃത കഫ പരിശോധന കേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള സൗജന്യ കഫ പരിശോധന എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്. എം ഡി ആര്‍, എക്. ഡി ആര്‍ ടീബികളുടെ കണ്ടെത്തലും ചികിത്സയും സൗജന്യമായി ലഭ്യമാണ്. ജില്ലയില്‍ സ്വകാര്യ മേഖലയില്‍ 12 എണ്ണം അടക്കം 50 അംഗീകൃത കഫ പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ട്. കഴിഞ്ഞ ആറ് മാസം കൊണ്ട് ആറ് പുതിയ സ്വകാര്യ അംഗീകൃത കഫ പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എ കെ ഡി എയുമായി സഹകരിച്ച് ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ തുടക്കം മഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ നാളെ തുടക്കം കുറിക്കുമെന്നും അവര്‍ പറഞ്ഞു. ജില്ലയില്‍ ഓരോ വര്‍ഷവും 2500 മുതല്‍ 3000 വരെ സാധാരണ ടി ബി രോഗികള്‍ ഈ പരിപാടിയില്‍ കൂടി ചികിത്സ തേടി വരുന്നുണ്ട്. ഇതിനു പുറമെ ഇതുവരെ 57 എം ഡി ആര്‍ ടി ബി രോഗികളും ഒരു എക്‌സ്. ഡി ആര്‍ ടി ബി രോഗിയും ചികിത്സിച്ചു വരുന്നുണ്ടെന്നും ഡി എം ഒ അറിയിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അസ്‌ലം ഫാറൂഖ്, ഡോ. കെ വി നന്ദകുമാര്‍, സ്വാദിഖ് അലി കെ പി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment