ജില്ലയിലെ വരള്‍ച്ച തടയാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും

മലപ്പുറം: ജില്ലയില്‍ വരള്‍ച്ച തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഐ.റ്റി-വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന എം.എല്‍.എ മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി.
ജില്ലയിലെ വരള്‍ച്ചാ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് താത്കാലിക തടയണകള്‍, ബണ്ടുകള്‍, കുഴല്‍കിണറുകള്‍, പൊതുകിണറുകള്‍ എന്നിവ നിര്‍മിച്ച് ജല ലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം മറ്റ് ശാശ്വത പരിഹാരമാര്‍ഗങ്ങളും കണ്ടെത്തും. ജില്ലയില്‍ ജലവിതരണ സംവിധാനം കാര്യക്ഷമമാക്കുകയും ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പൈപ്പ് ലൈന്‍ വ്യാപിപ്പിക്കുകയും ചെയ്യും. തകരാറിലായ മോട്ടോര്‍ പമ്പുകള്‍ ഉടന്‍ നന്നാക്കാനും ജലവിതരണ പൈപ്പുകളുടെ ലീക്കുകള്‍ പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൊഴിലുറപ്പ് പദധതിയിലെ തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. കൂടാതെ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമ പഞ്ചായത്തുകള്‍ മുന്‍കൈയ്യെടുത്ത് മറ്റു പദ്ധതികളും നടപ്പിലാക്കും.
കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. കവണക്കല്ല് മാതൃകയില്‍ തൂതപ്പുഴയിലും കടലുണ്ടിപ്പുഴയിലും റഗുലേറ്റര്‍ കം ബ്രിജ് നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും. ജില്ലയിലെ വരള്‍ച്ചാ കുടിവെള്ള പ്രശ്‌നം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. എം.എല്‍.എ മാരായ കെ.എന്‍.എ. ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, മഞ്ഞളാംകുഴി അലി, മുഹമ്മദുണ്ണി ഹാജി, പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, എ.ഡി.എം. എന്‍.കെ. ആന്റണി, വാട്ടര്‍ അതോറിറ്റി, പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post