എല്‍ ഡി സി സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങി


മലപ്പുറം: ജില്ലയിലെ എല്‍ ഡി സി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മുണ്ടുപറമ്പ് ഗവ. കോളജില്‍ ആരംഭിച്ചു. ജില്ലാ പി എസ് സി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ തിരുവനന്തപുരം ഹെഡ് ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് എട്ട് കൗണ്ടറുകളിലായാണ് പരിശോധന. ജില്ലാ പി എസ് സി ഓഫീസര്‍ എന്‍ രാജഗോപാല്‍ നേരിട്ട് നേതൃത്വം നല്‍കുന്നു. കൃത്യമായ ആസൂത്രണത്തോടെ പരിശോധന നടക്കുന്നതുകൊണ്ട് ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ടിവരുന്നില്ല. ഒരു ദിവസം രാവിലെ എട്ട് മുതല്‍ 400 പേരുടേയും 11 മുതല്‍ 400 പേരുടേയും സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കും. മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 2172 പേരുടെ പരിശോധന നാളെ തീരും. ഏതെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്കും ന്യൂനതകളുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയവര്‍ക്കും അഞ്ച് ദിവസത്തെ സാവകാശം നല്‍കും. 16,17, 18 തീയതികളില്‍ ഹാജരാകാത്തവര്‍ 23 ന് മലപ്പുറം കോളജ് ഓഡിറ്റോറിയത്തില്‍ ഹാജരാകണം. 19,20,21,22 തീയതികളില്‍ ഹാജരാകാന്‍ കഴിയാത്തവര്‍ പി എസ് സി ഓഫീസിലും ഹാജരാകണം. ഓരോ ദിവസവും ഹാജരാകാത്തവര്‍ക്ക് അന്നു തന്നെ കത്തയക്കും. ഗര്‍ഭിണികള്‍ക്കും, രോഗികള്‍ക്കും വരിയില്‍ നില്‍ക്കേണ്ടതില്ല. സംശയ ദുരീകരണത്തിന് പ്രത്യേകം സംവിധാനമുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ മാസം 31ന് തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അധികൃതര്‍. അര്‍ദ്ധരാത്രിവരെ ജോലി ചെയ്താണ് പരിശോധനക്കെത്തുന്ന ഉദ്യോഗാര്‍ഥികളുടെ രേഖകള്‍ ക്രമീകരിക്കുന്നത്.
വികലാംഗ ഉദ്യോഗാര്‍ഥികളുടെ സാധ്യതാ പട്ടിക 20 ന് പ്രസിദ്ധീകരിക്കും. ഇരുന്നുറോളം വരുന്ന ഈ ഉദ്യോഗാര്‍ഥികളുടെ യോഗ്യതാ നിര്‍ണ്ണയം 23, 24 തീയതികളില്‍ ഒരു പി എസ് സി മെമ്പറുടെ സാന്നിധ്യത്തില്‍ പി എസ് സി ഓഫീസില്‍ നടത്തും. ഇവര്‍ക്ക് വ്യക്തിഗത അറിയിപ്പ് നല്‍കില്ല. ചുരുക്കപ്പട്ടികയുടെ വലത് വശത്തുള്ള 'ഷെഡ്യൂള്‍' ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉദ്യോഗാര്‍ഥികള്‍ ഹാജരാകേണ്ട തീയതിയും സമയവും അിറയാം. ആദ്യദിനം സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാത്തവര്‍ 23 പേരാണ്. മാര്‍ച്ച് 22 വരെ പരിശോധന തുടരും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post