സമുദായം ഭിന്നതകള്‍ മറന്ന് അച്ചടക്കമുള്ളവരാകണം: കാന്തപുരം

മലപ്പുറം: ഭിന്നതകള്‍ മറന്ന് അച്ചടക്കമുള്ളവരായി സമുദായം മാറണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായുള്ള സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാമാനവിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹല്ലുകളിലുണ്ടാകുന്ന ഭിന്നതകള്‍ പൊതുജനങ്ങള്‍ക്കിടയിലേക്ക് നീങ്ങാതെ മഹല്ല് കമ്മിറ്റികള്‍ക്കിടയില്‍ തന്നെ തീര്‍ക്കാന്‍ ശ്രമിക്കണം. ധാര്‍മിക ബോധമില്ലാതെ അക്രമത്തിന്റെ മാര്‍ഗം പിന്തുടരുന്നത് ഭൂഷണമല്ല. മദ്യപാനം വര്‍ധിക്കുമ്പോള്‍ മനുഷ്യന്റെ ധാര്‍മിക ബോധമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളിലേക്കാണ് നയിക്കുക. മൃഗങ്ങളേക്കാള്‍ തരംതാഴുന്ന പ്രവര്‍ത്തനങ്ങള്‍ മനുഷ്യരില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്നും അല്ലാത്തപക്ഷം വലിയതോതിലുളള പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷികളാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. മാളിയേക്കല്‍ സുലൈമാന്‍ സഖാഫി വിഷയാവതരണം നടത്തി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم