ഐസ് പ്ലാന്റില്‍ അമോണിയം ചോര്‍ന്നു; 10 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പൊന്നാനി: ഐസ് പ്ലാന്റില്‍ അമോണിയം ചോര്‍ച്ച. വാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 10 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. പൊന്നാനി കോടതിപ്പടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ശക്തി ഐസ് പ്ലാന്റില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അമോണിയം ചോര്‍ന്നത്.
അമോണിയം സിലിണ്ടറില്‍ നിന്ന് ഐസ് പ്ലാന്റിലേക്കുള്ള സേഫ്റ്റി വാള്‍വില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. അമോണിയ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചതോടെ പരിസര വാസികള്‍ മണിക്കൂറുകളോളം ഭീതിയിലായി. പ്ലാന്റിന് തൊട്ടടുത്ത വീടുകളിലെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോലാജിയാരകത്ത് കുഞ്ഞുട്ടിയുടെ മക്കളായ സഫ്‌ന(15), ശഫീഖ്(16) കോലാജിയാരകത്ത് ഉസ്മാന്റെ മക്കളായ സുബ്ഹാന(16), ആരിഫ്(12), ഫാത്തിമ(ഏഴ്), കോലാജിയാരകത്ത് ഹമീദിന്റെ മക്കളായ ഷഫീല്‍(ഒന്‍പത്), റസ്‌ലി(ഏഴ്) എന്നിവരെയാണ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ശ്വാസ തടസവും ഛര്‍ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. പ്ലാന്റിനോട് ചേര്‍ന്ന 20 ഓളം വീടുകളിലെ സ്ത്രീകള്‍ക്കും സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും അസ്വസ്ഥതയുണ്ടായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് ചോര്‍ച്ച ശമിപ്പിച്ചത്. പ്ലാന്റിലെ ഉപകരണങ്ങളുടെ നിലവാരമില്ലായ്മയാണ് ചോര്‍ച്ചക്ക് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഐസ് ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന കാലപ്പഴക്കം ചെന്ന പൈപ്പുകളും സിലിണ്ടറുമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഫാക്ടറീസ് ബോയിലേഴ്‌സ് ബോര്‍ഡിന്റേയും പ്രവര്‍ത്തനാനുമതിയുണ്ടോയെന്നും പരിശോധിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. എം എല്‍ എ പി ശ്രീരാമകൃഷ്ണന്‍, ചെയര്‍പേഴ്‌സണ്‍ ടി ബീവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹൈദരലി, സി പി മുഹമ്മദ് കുഞ്ഞി, തഹസില്‍ദാര്‍ കെ മൂസക്കുട്ടി, നഗരസഭ സെക്രട്ടറി ജി മുരളി സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post