Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Manjeri Medical College. Show all posts
Showing posts with label Manjeri Medical College. Show all posts

ചരിത്രമുഹൂര്‍ത്തം; മെഡിക്കല്‍ കോളജ് ജില്ലക്ക് സ്വന്തം

Written By Malappuram News on Monday, September 2, 2013 | 12:35 AM

മഞ്ചേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മലപ്പുറം ജില്ലക്ക് സ്വന്തമായ ദിനം. ഒരു നാടിന്റെ സ്പന്ദനം ആഹ്ലാദത്താല്‍ മിടിക്കുകയായിരുന്നു. സ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ നാടിന്റെ ആഘോഷങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു എത്തിയ ജനം ചരിത്രമൂഹൂര്‍ത്തം അവിസ്മരണീയമാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തപ്പോള്‍ നാടും നഗരവും ഉത്സവലഹരിയിലായി. മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കുവാന്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് വേണമെന്ന ആവശ്യമാണ് യാഥാര്‍ഥ്യമായത്. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
100 സീറ്റുകളാണ് മെഡിക്കല്‍ കോളേജില്‍ ഉള്ളത്. ഒന്നാം വര്‍ഷത്തേയ്ക്കുള്ള ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറി, ലക്ചര്‍ ഹാളുകള്‍, ഡെമോണ്‍സ്‌ട്രേഷന്‍ ഹാളുകള്‍ തുടങ്ങിയവ സജ്ജമാക്കി. അടുത്ത വര്‍ഷങ്ങളിലേക്കുള്ള അക്കാദമിക് ബ്ലോക്ക് ഹോസ്റ്റലുകള്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മാണവും അടുത്തദിവസം തന്നെ ആരംഭിക്കും. താത്കാലികമായി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത് ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ മൂന്നു, നാലു നിലകളിലാണ്. 23 ഏക്കര്‍ സ്ഥലമാണ് കോളജിനായി ഏറ്റെടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മ്മിച്ച അഞ്ച് നില കെട്ടിടത്തിന് പുറമേ ഒരു നില കൂടി നിര്‍മിച്ചിട്ടുണ്ട്. കിറ്റ്‌കോയ്ക്കാണ് നിര്‍മാണ ചുമതല. തുടക്കത്തില്‍ ജനറല്‍ ആശുപത്രി കോളജിനൊപ്പം ഉണ്ടാവും. പിന്നീട് ഇത് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലേക്ക് കൊണ്ടുവരും. അപ്പോഴേയ്ക്കും കോളേജില്‍ ചികിത്സയും ആരംഭിക്കും. അഞ്ചു വര്‍ഷം കൊണ്ട് മികവുറ്റ ചികിത്സ നല്‍കാന്‍ കഴിയുന്ന കേന്ദ്രമായി ഇത് മാറുമെന്നാണ് അധികൃതര്‍ നല്‍കുന്ന വാഗ്ദാനം. പുതുതായി പ്രഖ്യാപിച്ച ആറ് മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തേതാണ് മഞ്ചേരിയില്‍ തുടങ്ങിയത്. 34 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് പൂര്‍ണമായും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുന്ന മെഡിക്കല്‍ കോളജ് എന്ന സവിശേഷതയും ഉണ്ട്. മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തുകയായിരുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനവും പുരോഗമിക്കുകയാണ്. 100 കിടക്കകളുള്ള ആശുപത്രിയാണ് അനുവദിച്ചത്. അടുത്ത വര്‍ഷത്തോടെ മാത്രമേ ഇവിടെ രോഗികളെ ചികിത്സിക്കല്‍ തുടങ്ങുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ഡോ.പി.വി. നാരായണനാണ് പ്രിന്‍സിപ്പല്‍. 2011 മാര്‍ച്ചിലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മഞ്ചേരി ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ കോളേജുകളുടെ ബജറ്റ് പ്രഖ്യാപനം ഉണ്ടായത്.
12:35 AM | 0 comments

കരിങ്കൊടിക്കാര്‍ക്കും മെഡിക്കല്‍ കോളജ് ആശ്രയം നല്‍കുമെന്ന് മാണി

മഞ്ചേരി: നാടും നഗരവും ആഹ്ലാദ തിമിര്‍പ്പില്‍ ആഘോഷിക്കുമ്പോള്‍ പുറത്ത് കരിങ്കൊടിയുമായി നില്‍ക്കുന്നവര്‍ക്കും നാളെ മെഡിക്കല്‍ കോളജ് ആശ്രയിക്കേണ്ടി വരുമെന്ന് ധനമന്ത്രി കെ.എം മാണി. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 660 പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, 230 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, 15 ജില്ലാ ആശുപത്രികള്‍, 11 ജനറല്‍ ആശുപത്രികള്‍, അഞ്ചു മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവയാണ് നിലവിലുള്ളത്. ആറാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് മഞ്ചേരിയില്‍ യാഥാര്‍ഥ്യമായത്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഇത്രയും അധികം ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്ളത് കേരളത്തില്‍ മാത്രമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ മികച്ച ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും മാണി പറഞ്ഞു.
12:10 AM | 0 comments

മഞ്ചേരി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ആഘോഷമാക്കാന്‍ നാടൊരുങ്ങി

Written By Malappuram News on Friday, August 30, 2013 | 8:30 AM

മഞ്ചേരി: ആരോഗ്യമേഖലയില്‍ ജില്ലക്ക് അഭിമാനമാകുന്ന മഞ്ചേരി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി. പന്തലിന്റെയും വേദിയുടെയും നിര്‍മാണം പൂര്‍ത്തിയായി. 12 മന്ത്രിമാരും ജില്ലയിലെ മുഴുവന്‍ എം എല്‍ എമാരും ചടങ്ങില്‍ പങ്കെടുക്കും. ആഘോഷം വര്‍ണാഭമാക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധം നഗരത്തിലെ കടകമ്പോളങ്ങളും കെട്ടിടങ്ങളും ദീപാലങ്കൃതമാക്കിയിട്ടുണ്ട്. പ്രധാന റോഡുകളിലെല്ലാം വിവിധ സംഘടനകളും ക്ലബ്ബുകളും സ്വന്തം നിലയില്‍ കമാനങ്ങള്‍ സ്ഥാപിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം നഗരത്തിലെ കടകളെല്ലാം കൊടി തോരണങ്ങളാല്‍ മനോഹരമാക്കി കഴിഞ്ഞു. മുപ്പത്തിമൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അഡ്വ. എം ഉമ്മര്‍ എം എല്‍ എക്ക് അഭിവാദ്യമര്‍പ്പിച്ച് മഞ്ചേരി നിയോജക മണ്ഡലത്തിലുടനീളം ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രിയുടെ അത്യാഹിത വിഭാഗമുള്‍പ്പെടെ വിവിധ വാര്‍ഡുകള്‍ പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളജിലേക്കുള്ള കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണികള്‍ ചെയ്തു തുടങ്ങി. മെഡിക്കല്‍ കോളജില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ പതിനൊന്ന് വിദ്യാര്‍ഥികളും കൂടി പ്രവേശനം നേടിയതോടെ 84 പേര്‍ പ്രഥമ എം ബി ബി എസ് ബാച്ചിലെ പഠിതാക്കളായി. അഖിലേന്ത്യാ ക്വാട്ടയിലുള്ള എം ബി ബി എസ് പ്രവേശനം ഇന്നത്തോടെ പൂര്‍ത്തിയാകും. ഗവ. മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ സ്വീപ്പര്‍ തസ്തികയില്‍ ആറുപേരെ നിയമിച്ചു. ആറു മാസത്തേക്ക് കരാറടിസ്ഥാനത്തിലാണ് ഇവരുടെ നിയമം. സ്വീപ്പര്‍മാരെ നിയോഗിക്കാന്‍ കോളജ് അധികൃതര്‍ നേരത്തെ കുടുംബശ്രീയെ ചുമതലപ്പെടുത്തിയിരുന്നു. കരാര്‍ അടിസ്ഥനത്തില്‍ നിയമിക്കുന്ന രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍, നാല് ലാബ് അനാട്ടമി അറ്റന്റര്‍മാര്‍, രണ്ടു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ ദിവസം കോളജ് ഓഫീസില്‍ നടന്നിരുന്നു. വിദ്യാര്‍ഥികളുടെ പഠന മുറിയിലേക്ക് മുപ്പത് മേശ, നൂറ്റമ്പതിലധികം കസേരകള്‍, പത്ത് ടൈനിംഗ് ടേബിള്‍, മുപ്പത് സ്റ്റൂള്‍, പതിനാറ് അലമാര, ആറ് സ്റ്റീല്‍ റാക്ക് എന്നിവ എത്തിയിട്ടുണ്ട്. അതേസമയം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയുമെന്നും കരിങ്കൊടി കാണിക്കുമെന്നുമുള്ള ഫഌക്‌സു ബോര്‍ഡുകള്‍ നഗരത്തിലെ പ്രധാന കവലകളില്‍ ഉയര്‍ന്നതും മുഖ്യമന്ത്രിയെ തടയാനെത്തുന്നവരെ കായികമായി നേരിടുമെന്ന ചില സംഘടനകളുടെ പ്രസ്താവനകളും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുന്നതിന് ഓരോ ബ്രാഞ്ചുകളില്‍ നിന്നും എട്ടു വീതം പ്രവര്‍ത്തകരെ സി പി എം നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ട്രാഫിക് നിയന്ത്രണത്തിനും ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പിമാര്‍, സി ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സായുധ പോലീസ് സജ്ജമാണ്.
8:30 AM | 0 comments

രാഷ്ട്രീയ വിവാദത്തില്‍ മുക്കി ശോഭ കെടുത്തരുതെന്ന് എസ് വൈ എസ്

അരീക്കോട്: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ഉദ്ഘാനം രാഷ്ട്രീയ വിവാദത്തില്‍ മുക്കി ശോഭ കെടുത്തരുതെന്ന് എസ് വൈ എസ് ജില്ലാ പ്രവര്‍ത്തകസമിതി. ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും കൂട്ടായ്മയുടെ ഫലമായാണ് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ നല്‍കിയ നാണയത്തുട്ടുകള്‍ ശേഖരിച്ചായിരുന്നു. ഇടക്കാലത്ത് ആശുപത്രിയിലേക്ക് സ്വകാര്യമേഖയുടെ പങ്കാളിത്തം കൊണ്ടു വരാന്‍ നീക്കം നടന്നപ്പോള്‍ എസ് വൈ എസ് ഉള്‍പ്പെടെയുള്ള ജനപക്ഷ സംഘടനകളുടെ ശക്തമായ ഇടപെടലുകളാണ് ആശുപത്രിയെ സര്‍ക്കാര്‍ മേഖലയില്‍ നിലനിര്‍ത്താന്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയത്. ഇത്തരത്തില്‍ ജനകീയ കൂട്ടായ്മയുടെ ഫലമായി ജില്ലയ്ക്കു ലഭിച്ച മെഡിക്കല്‍ കോളേജിന്റെ തുടക്കം തന്നെ രാഷ്ട്രീയ വിവാദത്തിനുള്ള അവസരമാക്കി മാറ്റുന്നത് നിര്‍ഭാഗ്യകരമാണ്. ഭരണ പ്രതിപക്ഷങ്ങള്‍ വിട്ടു വീഴ്ചക്കു തയ്യാറായി ജനഹിതത്തിനൊപ്പം നില്‍ക്കണമെന്നും ജില്ലയ്ക്കു ലഭിച്ച സൗഭാഗ്യം വേണ്ട വിധം ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പിഎം മുസ്തഫ മാസ്റ്റര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, കെടി ത്വാഹിര്‍ സഖാഫി, കൊളത്തൂര്‍ അലവി സഖാഫി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അലവിക്കുട്ടി ഫൈസി എടക്കര, കെപി ജമാല്‍ കരുളായി, പിവി മുഹമ്മദ്, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
8:26 AM | 0 comments

പ്രതിഷേധത്തെ തടഞ്ഞാല്‍ നോക്കിനില്‍ക്കില്ല: എല്‍ ഡി എഫ്

മലപ്പുറം: മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനായി അടുത്തമാസം ഒന്നിന് മുഖ്യമന്ത്രി മഞ്ചേരിയിലെത്തുമ്പോള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് എല്‍ ഡി എഫ് ജില്ലാകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. . മുഖ്യമന്ത്രി വരുന്ന റൂട്ടില്‍ കാണിക്കും. ബലം പ്രയോഗിച്ച് മുഖ്യമന്ത്രിയെ തടയില്ല. മറ്റുമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടത്തില്ല. മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനവും ഘോഷയാത്രയും തടയില്ല. മുസ്‌ലിം ലീഗുകാര്‍ പ്രതിഷേധം തടയുമെന്നാണ് പറയുന്നത്. ഇതിനുശ്രമിച്ചാന്‍ നോക്കിനില്‍ക്കില്ല. ചിലപ്പോള്‍ സംയമനം പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഉദ്ഘാടന ചടങ്ങില്‍ നിരവധി മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഉദ്ഘാടകനും അദ്ധ്യക്ഷനും കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. ഇത് പരിഹാസ്യവും മതേതരസമൂഹത്തില്‍ ആശാസ്യവുമല്ല. ഭരണഘടനയുടെ മുകളില്‍ ആത്മീയ നേതാക്കള്‍ക്ക് സ്ഥാനം നല്‍കുന്ന ഇറാന്റെ നയമാണിത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം ലീഗ് ഏറ്റെടുക്കേണ്ട. സോളാര്‍ തട്ടിപ്പില്‍ ജനങ്ങളെ വെല്ലുവിളിച്ചാണ് മുഖ്യമന്ത്രി നടക്കുന്നത്. പ്രതിഷേധിക്കാനുള്ള ഭരണഘടനാവകാശം ഉപയോഗിച്ചാണ് എല്‍ ഡി എഫ് സമരം നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീ നര്‍ വി ഉണ്ണികൃഷ്ണന്‍, സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാനകമ്മിറ്റിയംഗം ടി കെ ഹംസ. ആര്‍ എസ് പി ജില്ലാസെക്രട്ടറി മുഹമ്മദാലി, എന്‍ സി പി ജില്ലാപ്രസിഡന്റ് ടി എന്‍ ശിവശങ്കരന്‍, ജനതാദള്‍ നേതാവ് കെ വി ബാലസുബ്രഹ്മണ്യന്‍ പങ്കെടുത്തു.
8:23 AM | 0 comments

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് സി പി എം

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടി എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ബഹിഷ്‌കരിക്കുമെന്ന് സി പി എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ജില്ലയില്‍ സ്ഥാപിതമാകുന്നത് ഏറെ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് പാര്‍ട്ടി കാണുന്നത്. കേരളത്തിലെ പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായ മലപ്പുറത്ത് ആരോഗ്യമേഖലയിലും ചികിത്സാ രംഗത്തും ഒരു കുതിച്ചുചാട്ടത്തിന് ഈ മെഡിക്കല്‍ കോളേജിന്റെ സ്ഥാപനവും പ്രവര്‍ത്തനവും ഏറെ സഹായകരമാകും എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.
കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജായി മാറാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിന് കഴിയുമെന്ന ഉത്തമപ്രതീക്ഷയും സിപിഐ എം വെച്ചു പുലര്‍ത്തുന്നു. എന്നാല്‍ സെപ്തംബര്‍ ഒന്നിന് മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനായി മഞ്ചേരിയിലെത്തുന്ന മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാനും കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാനും എല്‍ഡിഎഫ് തീരുമാനമെടുത്തിരിക്കുകയാണ്. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനുെമതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അന്വേഷണഘട്ടത്തില്‍ മുഖ്യമന്ത്രി രാജിവെച്ചു മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് രണ്ട് മാസത്തിലേറെയായി വിവിധ രൂപത്തിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്.
മഞ്ചേരിയിലെത്തുന്ന മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്യാനാണ് ആയിരക്കണക്കിന് സമരസഖാക്കള്‍ എത്തുക. ജനകീയ സമരങ്ങളെ ചോരയില്‍മുക്കിക്കൊല്ലാന്‍ ആരുതന്നെ ശ്രമിച്ചാലും അതു പരാജയപ്പെടുകതന്നെ ചെയ്യും. സമാധാനപരമായ പ്രതിഷേധമാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. ആഗസ്ത് 23ന് താനൂരില്‍ പ്രതിഷേധ പ്രകടനത്തെ പൊലീസിന്റെ സാന്നിധ്യത്തില്‍ ലീഗുകാര്‍ ആക്രമിക്കുകയുണ്ടായി.പോലീസും ഗുണ്ടകളും ചേര്‍ന്ന് തടഞ്ഞിട്ടും പ്രതിഷേധപ്രകടനം നടന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ഉള്ള ജനങ്ങളുടെ മൗലികാവകാശം ആര്‍ക്കും പണയം വെക്കാന്‍ സിപിഐ എം ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ അഴിമതിയ്‌ക്കെതിരെ അമര്‍ഷം കൊള്ളുന്ന എല്ലാ ജനാധിപത്യവാദികളും അണിനിരക്കണമെന്ന് സിപിഐ എം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
8:05 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers