'വിജ്ഞാന്‍വാടികള്‍' എല്ലാ പഞ്ചായത്തുകളിലും

മലപ്പുറം: പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ട് പട്ടികജാതി വകുപ്പ് ആവിഷ്‌ക്കരിച്ച 'വിജ്ഞാന്‍വാടി' കള്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങി.
കറുവാഞ്ചേരി (മങ്കട), സൂത്രക്കുന്ന് (പൊന്നാനി), പാക്കരത്ത് (മഞ്ചേരി), ജവഹര്‍ (നിലമ്പൂര്‍), ചെമ്പ്രംപള്ളിയാലില്‍ (പെരിന്തല്‍മണ്ണ), അംബേദ്കര്‍ (വണ്ടൂര്‍), നെച്ചിക്കുണ്ട് (വേങ്ങര) കോളനികളിലാണ് നിലവില്‍ വിജ്ഞാന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നത്.

പട്ടികജാതി കോളനികള്‍ക്കടുത്ത് സൗജന്യമായി അഞ്ച് സെന്റ് ലഭിക്കുന്ന മുറയക്ക് കൂടുതല്‍ വിജ്ഞാന്‍വാടികള്‍ തുടങ്ങാന്‍ വകുപ്പ് സജ്ജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ.പി.കൃഷ്ണകുമാര്‍ അറിയിച്ചു. 400 ചതുരശ്ര അടിയുള്ള കെട്ടിടം കോളനികള്‍ക്കടുത്തുണ്ടെങ്കില്‍ ഈ കെട്ടിടത്തില്‍ വിജ്ഞാന്‍വാടികള്‍ തുടങ്ങാം. കെട്ടിടമില്ലാത്ത അഞ്ച് സെന്റ് സ്ഥലത്ത് വകുപ്പ് തന്നെ കെട്ടിടം നിര്‍മിക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടര്‍ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ 'ബുക്ക് മാര്‍ക്ക്' ലെ തെരഞ്ഞെടുത്ത പുസ്തകങ്ങളുമടങ്ങിയ വിജ്ഞാന്‍വാടികള്‍ കോളനിയിലെ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാം. പ്രമോര്‍ട്ടര്‍മാര്‍ക്കാണ് നടത്തിപ്പ് ചുമതല.
2011-12 ല്‍ ഭവനനിര്‍മാണ പദ്ധതിയിലേക്ക് 350 പട്ടിജാതി കുടുംബങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഭൂരഹിത-ഭവനരഹിത പട്ടികജാതി കുടുംബങ്ങളെ പുനരധിവസിക്കുന്ന പദ്ധതി പ്രകാരം 367 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് 5.52 കോടി ചെലവഴിച്ചു. ചികിത്സാ ധനസഹായമായി 767 പേര്‍ക്ക് 61 ലക്ഷവും വിവാഹധനസഹായമായി 798 പേര്‍ക്ക് 70 ലക്ഷവും നല്‍കി. പട്ടികജാതിക്കാരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി പ്രകാരം 35 പേര്‍ക്ക് 34 ലക്ഷം നല്‍കി.
അപ്രന്റിസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ നാല് പേരെ തെരഞ്ഞെടുത്ത് ആനുകൂല്യം നല്‍കുന്നുണ്ട്. ഐ.റ്റി.ഐ/ഐ.റ്റി.സി പാസ്സായ വിദ്യാര്‍ഥികള്‍ക്ക് അപ്രന്റിസ്ഷിപ്പിനായി ആറ് ലക്ഷം വകയിരുത്തി. നൈപുണ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 831 വിദ്യാര്‍ഥികള്‍ക്കായി 10 ലക്ഷം ചെലവഴിച്ചു. 

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പദ്ധതി പ്രകാരം 100 വിദ്യാര്‍ഥികള്‍ക്ക് 12 ലക്ഷം നല്‍കി. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പദ്ധതി പ്രകാരം 27 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായവും 21 പേര്‍ക്ക് വീട് അനുവദിക്കുകയും ചെയ്തു.
42373 പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി 1.67 കോടി ചെലവഴിച്ചു. പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ ആനുകൂല്യമായി 5920 വിദ്യാര്‍ഥികള്‍ക്ക് ഒരു കോടി നല്‍കി. ഹയര്‍ സെക്കന്‍ഡറി കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പ് ആനുകൂല്യമായി 9,000 വിദ്യാര്‍ഥികള്‍ക്ക് 53 ലക്ഷം നല്‍കി.
എട്ടാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 1.8 കോടി ചെലവില്‍ 6040 സൈക്കിളുകള്‍ വിതരണം ചെയ്തത് വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി.

English Summery
Vijnanvadi will establish in all panchayaths

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post