വീട്ടില്‍ അടയിരുത്തി വിരിയിച്ച 28 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ കാട്ടില്‍ വിട്ടു

നിലമ്പൂര്‍: വീട്ടില്‍ അടയിരുത്തി വിരിയിച്ച പെരുമ്പാമ്പിന്‍കുട്ടികളെ കാട്ടില്‍ വിട്ടയച്ചു. 28 കുഞ്ഞുങ്ങളെയാണ് തള്ളപ്പാമ്പിനൊപ്പം വഴിക്കടവ് ആനമറി വനത്തില്‍ വിട്ടത്. മലപ്പുറം കോല്‍മണ്ണ പൂക്കുടന്‍ യു.എ. റഹ്മാന്റെ വീട്ടിലാണ് പെരുമ്പാമ്പ് അടയിരുന്നത്. വനപാലകരുടെ നിര്‍ദേശപ്രകാരം നേരത്തെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് റഹ്മാന്‍ പിടികൂടിയ പാമ്പാണിത്. മുട്ടയിട്ടുതുടങ്ങിയതിനാല്‍ റഹ്മാന്റെ വീട്ടില്‍ കൂടൊരുക്കി.

ഭക്ഷണം ഒഴിവാക്കി 65 ദിവസം പാമ്പ് അടയിരുന്നാണ് മുട്ടകള്‍ വിരിയിച്ചത്. ഡിഎഫ്ഒ സി.വി. രാജന്റെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫിസര്‍ പി. അബ്ദുല്‍ ലത്തീഫ്, കൊടുമ്പുഴ ഡപ്യൂട്ടി റേഞ്ചര്‍ ടി.പി. മുഹമ്മദ്, ഗാര്‍ഡ് വി. ആന്‍സണ്‍, വാച്ചര്‍ എ.കെ. അബ്ബാസ്, ഡ്രൈവര്‍ എന്‍.സി. കുട്ടന്‍ എന്നിവര്‍ റഹ്മാന്റെ വീട്ടിലെത്തി പാമ്പുകളെ ഏറ്റുവാങ്ങി. ജീപ്പില്‍ ആനമറിയില്‍ എത്തിച്ചു. വിട്ടയുടന്‍ കുട്ടികള്‍ ഒരേ ദിശയില്‍ ഇഴഞ്ഞു. തള്ളയും ഒപ്പം നീങ്ങി.

കൊണ്ടോട്ടി പള്ളിക്കല്‍ ബസാറില്‍നിന്ന് ഇന്നലെ പിടികൂടിയ പെരുമ്പാമ്പിനെയും ഒപ്പം വിട്ടു. മലപ്പുറം ജില്ലയുടെ പകുതിയോളം കൊടുമ്പുഴ സ്റ്റേഷന്റെ പരിധിയിലാണ്. ഒരു കൊല്ലത്തിനിടെ ആയിരം പാമ്പുകളെ പിടികൂടി. കാട്ടുപന്നി, കുരങ്ങ് എന്നിവ പുറമേയും. പിടികൂടാനുള്ള ഉപകരണങ്ങള്‍ സ്റ്റേഷനില്‍ ഇല്ല. പിടിച്ചുകൊടുക്കുന്നവര്‍ക്ക് വേതനവും നല്‍കുന്നില്ല.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post