ഭാഗ്യക്കുറി വരുമാനത്തില്‍ 73.5 കോടിയുടെ വര്‍ധനവ് : 99 പേര്‍ക്ക് 'കാരുണ്യ' സ്പര്‍ശം

മലപ്പുറം: ലോട്ടറി ടിക്കറ്റ് വില്പന വരുമാനത്തില്‍ 73.5 കോടിയുടെ വര്‍ധനവുണ്ടാക്കി ജില്ല റിക്കോര്‍ഡ് നേട്ടം കൈവരിച്ചു. 2011-12 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യകാലയളവില്‍ ഒരു ഭാഗ്യക്കുറി മാത്രമുണ്ടായിരുന്നതില്‍ നിന്നും ദിവസം തോറും നറുക്കെടുപ്പ് നടത്തുന്ന ആറ് ഭാഗ്യക്കുറികള്‍ കൂടി ആരംഭിച്ചതോടെയാണ് റവന്യൂ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായത്. 2011 ഏപ്രിലില്‍ 2,25,59,000 കോടിയുണ്ടായിരുന്ന വരുമാനം 2012 മാര്‍ച്ചില്‍ 75,78,28,000 കോടിയായി ഉയര്‍ന്നതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ വി.ഹൈദ്രു അറിയിച്ചു.
ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുകയും സമ്മാനഘടനയില്‍ മാറ്റം വരുത്തുകയും ചെയ്തതോടെ ഭാഗ്യാന്വേഷികളുടെ എണ്ണം കൂടി. ഭാഗ്യം സ്വപ്നം കാണുന്നതിലുപരി കാരുണ്യത്തിന്റെ കണികകള്‍ സമൂഹത്തിലിപ്പോഴും ബാക്കിയുണ്ടെന്നതിന് തെളിവായി പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി ആവിഷ്‌കരിച്ച 'കാരുണ്യ' ലോട്ടറിയോടുള്ള പ്രതികരണം. സര്‍ക്കാറിന്റെ റവന്യൂ വരുമാനം കൂട്ടുന്നതിനോടൊപ്പം തന്നെ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കുന്ന പദ്ധതി വകുപ്പിന്റെ മുഖഛായ തന്നെ മാറ്റി.
'കാരുണ്യ' ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന അറ്റാദായം കാരുണ്യ ബിനെലവന്റ ഫണ്ടിലൂടെ കാന്‍സര്‍, ഹൃദ്രോഗം, വൃക്ക-കരള്‍ സംബന്ധമായ അസുഖം, ഹീമോഫീലിയ എന്നീ അസുഖങ്ങള്‍ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്കാണ് നല്‍കുന്നത്. വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ താഴെയുള്ള എ.പി.എല്‍/ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് ഒരാള്‍ക്ക് പരമാവധി രണ്ട് ലക്ഷം വരെയാണ് നല്‍കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, ആര്‍.സി.സി എന്നിവിടങ്ങളില്‍ ചികിത്സിക്കുന്നവരെയാണ് ധനസഹായത്തിനായി പരിഗണിക്കുക. അപേക്ഷിച്ച 205 രോഗികളില്‍ 99 പേര്‍ക്ക് ധനസഹായം അനുവദിച്ചു. ജില്ലാതല സമിതി അംഗീകരിച്ച് ശുപാര്‍ശ ചെയ്ത മറ്റ് അപേക്ഷകള്‍ സംസ്ഥാന സമിതിയുടെ പരിഗണനയിലാണ്.
Keywords:Kerala,Mlappuram,Kaarunya lottery

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post