വാര്‍ഡ്‌തല ശുചീകരണം. വിഹിതം കൂട്ടാന്‍ നടപടി

മലപ്പുറം:പര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്‌ വാര്‍ഡ്‌തല ശുചിത്വ സമിതികള്‍ക്ക്‌ അനുവദിക്കുന്ന 10,000 രൂപ വര്‍ദ്ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ മന്ത്രി.പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. മഴക്കാലരോഗ പ്രതിരോധ നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 രൂപ അപര്യാപതമാണെന്നും തുക ലഭിയ്‌ക്കുന്ന കാലതാമസം ഒഴിവാക്കാന്‍ തുക നേരിട്ട്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഇക്കാര്യത്തിന്‌ അടിയന്തര പരിഗണന നല്‍കുമെന്ന്‌ മന്ത്രി അറിയിച്ചത്‌.
ശുചിത്വ മിഷന്‌ അനുവദിച്ച വിഹിതം ഫലപ്രദമായി വിനിയോഗിക്കണമെന്നും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട്‌ പ്രൊജക്‌റ്റുകള്‍ സമര്‍പ്പിക്കാത്ത പഞ്ചായത്തുകള്‍ക്ക്‌ ഇതു സംബന്ധിച്ച്‌ ഉടന്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ വകുപ്പുകള്‍ക്കും വ്യക്തമായ ചുമതലകള്‍ നല്‍കണമെന്നും ബ്ലോക്ക്‌ തലത്തില്‍ യോഗങ്ങള്‍ ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍ തൊഴിലുറപ്പ്‌ പദ്ധതിയിലെ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്ലാത്ത സ്ഥലങ്ങളില്‍ പ്രതിരോധ നടപടികള്‍ക്കായി പ്രത്യേക സംവിധാനമൊരുക്കണമെന്നും ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സാന്നിധ്യം ഉറപ്പാക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ മാരായ കെ.എന്‍.എ ഖാദര്‍, പി.ഉബൈദുള്ള, എം.ഉമ്മര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ പബ്ലിക്‌ ഹെല്‍ത്ത്‌ ലബോറട്ടറി സ്ഥാപിക്കാനുള്ള നടപടിയുണ്ടാവണമെന്നും ആവശ്യമുയര്‍ന്നു.
സ്‌കൂളുകള്‍ തുറക്കുന്നതിന്‌ മുന്‍പ്‌ തന്നെ സ്‌കൂളുകളും പരിസരവും കിണറും വൃത്തിയാക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാട്‌ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി പകര്‍ച്ചവ്യാധി കേസുകളാണ്‌ ഇപ്രാവശ്യം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. മെഡിക്കല്‍ കാംപുകളും പനി ക്ലിനിക്കുകളും കൂടുതല്‍ നടത്താനും ആവശ്യമായ മരുന്നുകള്‍ കരുതാനും എല്ലാ പി.എച്ച്‌.സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ക്ലോറിനേഷന്‍ നടപടികളും തുടങ്ങിയിട്ടുണ്ട്‌.
എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ സെപ്‌തംബര്‍ വരെയാണ്‌ പകര്‍ച്ചവ്യാധികള്‍ അധികമായി ജില്ലയില്‍ കണ്ടുവരുന്നത്‌. മലിന ജലത്തിലൂടെയാണ്‌ പകര്‍ച്ചവ്യാധികള്‍ അധികം വ്യാപിക്കുന്നത്‌. അതിനാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ഡി.എം.ഒ അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്‌റ്റര്‍ എം.സി.മോഹന്‍ദാസ്‌, ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ കെ.സേതുരാമന്‍, നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ്‌ മുസ്‌തഫ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ.കുഞ്ഞു, ജില്ലാതല ഉദ്യോഗസ്ഥര്‍, നഗരസഭ ചെയര്‍ പേഴ്‌സണ്‍മാര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post