ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും: സംയുക്ത യോഗം മെയ് 30 ന്

മലപ്പുറം: ചമ്രവട്ടം പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ വാഹനങ്ങളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് റോഡുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും. ഇതിനായി മെയ് 30ന് എം.എല്‍.എമാര്‍, എം.പി.മാര്‍, എന്‍.എച്ച് അധികൃതര്‍, പി.ഡബ്‌ള്യൂ.ഡി. ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിജായ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും കൂട്ടായ ശ്രമഫലമാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ചമ്രവട്ടം പാലത്തിലൂടെ സര്‍വീസ് നടത്തുന്ന 16 കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു.
12 കെ.എസ്.ആര്‍.ടി.സി. ബസുകള്‍കൂടി ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
പൊന്നാനി-തിരൂര്‍ താലൂക്കുകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ ചമ്രവട്ടത്ത് 978 മീറ്റര്‍ നീളവും 7.50 മീറ്റര്‍ വീതിയില്‍ പാലവും, 70 ഷട്ടറുകള്‍ ഉപയോഗിച്ച് സമുദ്ര നിരപ്പില്‍ നിന്നും 6 മീറ്റര്‍ ഉയരത്തില്‍ ഭാരതപ്പുഴയില്‍ 13 കിലോമീറ്റര്‍ നീളത്തില്‍ ജലം സംഭരിക്കാനും സഹായിക്കുന്നതാണ് പദ്ധതി.
ഈ പദ്ധതിയിലൂടെ തിരൂര്‍ പൊന്നാനി താലൂക്കുകളിലെ 4344 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യം ലഭിക്കും. ഒമ്പത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കും ജലം ലഭ്യമാകും. പദ്ധതി പ്രദേശത്തും സമീപ പ്രദേശങ്ങളിലും 63.50 എം.എല്‍.ഡി കുടിവെള്ളം ലഭ്യമാക്കാന്‍ സാധിക്കും. പ്രധാന നഗരങ്ങളായ കൊച്ചി-കോഴിക്കോട്, പൊന്നാനി - തിരൂര്‍, പൊന്നാനി-മലപ്പുറം ദൂരം യഥാക്രമം 40, 20, 10 കി.മീറ്റര്‍ കുറയും. ഇത് സമയ-ഇന്ധന ലാഭത്തിന് പുറമെ ഗതാഗത രംഗത്ത് വന്‍ പുരോഗതിയുണ്ടാക്കും.
ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ടുറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, എം.പി. ഇ.റ്റി.മുഹമ്മദ് ബഷീര്‍, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി, എം.എല്‍.എമാരായ കെ.ടി.ജലീല്‍, പി.ശ്രീരാമകൃഷ്ണന്‍, സി.മമ്മുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, മുന്‍ എം.എല്‍.എ പി.പി.അബ്ദുള്ളക്കുട്ടി, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍.അമലോര്‍ പവനാഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post