മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച തുടക്കം

മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച തുടക്കം. സമ്മേളനം മെയ് 5വരെ നീണ്ടുനില്‍ക്കും. പ്രതിനിധി സമ്മേളനത്തോടെയാണ് സമ്മേളനത്തിന്ന് തുടക്കം കുറിക്കുന്നത്.
മെയ് 5ന് കാല്‍ലക്ഷത്തോളം ഗ്രീന്‍ഗാര്‍ഡ് അംഗങ്ങളുടെ പരേഡിന് ശേഷം സമാപനസമ്മേളനം മഞ്ചേരി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും. 'സംശുദ്ധ രാഷ്ട്രീയം, സുരക്ഷിത സമൂഹം' എന്നതാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്ന പ്രമേയം. ശനിയാഴ്ച ഉച്ചക്ക് ശേഷം പൂര്‍വകാലനേതാക്കളെ അനുസ്മരിക്കുകയും, അവരുടെ സന്ദേശം പുത്തന്‍ തലമുറക്ക് കൈമാറുകയും ചെയ്യുന്നതിന്നായി 'സ്മരണ' എന്നപേരില്‍ സെഷന്‍ നടക്കും. തുടര്‍ന്ന് 23ന് ചേളാരിയില്‍ വനിത, വിദ്യാര്‍ഥിനി, ദളിത് സമ്മേളനങ്ങളും, 24ന് പൊന്നാനിയില്‍ ചരിത്ര സാംസ്‌കാരിക സമ്മേളനവും, 26ന് കോട്ടക്കലില്‍ വിദ്യാര്‍ഥി യുവജനസമ്മേളനവും നടക്കും.
ഏപ്രില്‍ 27ന് തീരദേശ സമ്മേളനം തിരൂരില്‍ നടക്കും. പാര്‍ട്ടിയുടെ മുഴുവന്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഏപ്രില്‍ 29ന് പ്രവാസി, കെ എം സി സി സമ്മേളനം പെരിന്തല്‍മണ്ണയിലും മെയ് 1ന് ട്രേഡ്‌യൂണിയന്‍ സമ്മേളനം വണ്ടൂരിലും നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് അധ്യാപക - സര്‍വ്വീസ് സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രദര്‍ശനം 30ന് ആരംഭിക്കും. മെയ് 4ന് മൂന്ന്മണിക്ക് സമ്മേളന നഗരിയിലേക്ക് 65 പതാകജാഥകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുറപ്പെടും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post